കൂട്ടാർ: കൂട്ടാർ ശ്രീനാരായണ എൽ.പി സ്കൂൾ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കരുണാപുരം പഞ്ചായത്ത് തല ഹലോ ഇംഗ്ളീഷ് ക്യാമ്പ് നടത്തി. കുട്ടികളുടെ ഇംഗ്ളീഷ് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായിരുന്നു ക്യാമ്പ്. കുട്ടികൾക്ക് തടസമില്ലാതെ ഇംഗ്ളീഷ് സംസാരിക്കുന്നതിന് ഹലോ ഇംഗ്ളീഷ് എന്ന പേരിൽ വിവിധ ആക്ടിവിറ്റികൾ നടപ്പിലാക്കി. ഇതിനായി അദ്ധ്യാപകർക്ക് വിവിധ പരിശീലന പരിപാടികൾ നേരത്തെ സംഘടിപ്പിച്ചിരുന്നു. ബിജു ജോർജ്ജ്, സനിത ദീപു എന്നിവർ ക്ളാസ് നയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ജിജി കുറുമാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രോഗ്രാം ഓഫീസർ ഗീത സാബു പദ്ധതി വിശദീകരണം നടത്തി. ഹലോ ഇംഗ്ളീഷ് ജില്ലാ കോ ഓർഡിനേറ്റർ ഷാജി തോമസ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ സിദ്ധിഖ്, വാർഡ് മെമ്പർ വിനീത ബിനു, ഹെഡ്മാസ്റ്റർ അനില എസ്. മോഹൻ, പി.ടി.എ പ്രസിഡന്റ് എൻ.ആർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം രസകരമായി കുട്ടികളിൽ എത്തിക്കുന്നതിൽ ധാരണയുണ്ടാക്കുന്നതിനും കുട്ടികളുടെ തീയേറ്റർ ക്യാമ്പിന്റെ നേരനുഭവം കാണുന്നതിനും രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും സാന്നിദ്ധ്യവും ഉണ്ടായിരുന്നു.