മൂന്നാർ: പഞ്ചായത്തിന്റെ അനധികൃത നിർമ്മാണത്തിനെതിരേ സ്റ്റോപ്പ് മെമ്മോ നൽകിയ ദേവികുളം സബ് കളക്ടർ ഡോ. രേണു രാജിനെ പൊതുജനമദ്ധ്യത്തിൽ അവഹേളിച്ച എസ്. രാജേന്ദ്രൻ എം.എൽ.എയുടെ നടപടി വ്യാപക പ്രതിഷേധത്തിനും വിവാദത്തിനും തിരികൊളുത്തി. രാജേന്ദ്രനെതിരേ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് രേണു രാജ് വ്യക്തമാക്കി. നിറുത്തിവയ്ക്കൽ നോട്ടീസ് നൽകിയിട്ടും കെട്ടിട നിർമ്മാണം തുടർന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. കോടതി അലക്ഷ്യ ഹർജിയും ഫയൽ ചെയ്യും- സബ് കളക്ടർ പറഞ്ഞു.
പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനോട് ചേർന്ന് കെ.ഡി.എച്ച്.പി കമ്പനി പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലത്താണ് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രം നിർമ്മിക്കുന്നത്. നിർമ്മാണത്തിനെതിരേ പരിസ്ഥിതി പ്രവർത്തകരടക്കം പരാതി നൽകിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എൻ.ഒ .സി ഇല്ലാതെയാണ് നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തി. തുടർന്ന് ദേവികുളം സബ് കളക്ടർ രേണു രാജ് സ്റ്റോപ്പ് മെമ്മോ നൽകി. അത് അവഗണിച്ച് നിർമ്മാണം തുടരുകയാണെന്ന് കണ്ടതിനാലാണ് പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥർ എത്തിയത്. അവരെ ഇടുക്കി എം.എൽ.എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും ദേവികുളം സബ് കളക്ടറെ അടക്കം നീചമായ ഭാഷയിൽ അവഹേളിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു എം.എൽ.എയുടെ നിലപാട്. ഇതോടെ നടപടി സ്വീകരിക്കാനാവാതെ ഉദ്യോഗസ്ഥർക്കു മടങ്ങേണ്ടിവന്നു. ഒരു കോടിയോളം രൂപ മുതൽമുടക്ക് വരുന്ന കെട്ടിടമാണ് പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രത്തിനായി ഇവിടെ പണിയുന്നത്.
2010ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ സബ് കളക്ടർ നാളെ കോടതിയിൽ റിപ്പോർട്ട് നൽകും. അനധികൃത നിർമ്മാണങ്ങൾക്കും കൈയേറ്റത്തിനുമെതിരെ നടപടി സ്വീകരിക്കുന്നവരെ ആൺ പെൺ വ്യത്യാസമില്ലാതെ അപമാനിക്കുന്ന എം.എൽ.എയ്ക്കെതിരെ ചില വനിതാ സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന.
എസ്. രാജേന്ദ്രൻ എം.എൽ.എ പറഞ്ഞത്
''അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവൾക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ...