മുട്ടം: മുട്ടം വൈദ്യുതി സബ് സ്റ്റേഷൻ 23ന് ഉച്ചയ്ക്ക് രണ്ടിന് പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജോയ്സ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ തുടങ്ങിയവർ പങ്കെടുക്കും. മുട്ടം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി ശങ്കരപ്പള്ളിയിൽ വില്ലേജ് ഓഫീസിന് സമീപത്തായി നിർമ്മാണം പൂർത്തീകരിച്ച സബ് സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബർ ഒമ്പതിനായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രളയം കാരണം ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു. ഉദ്ഘാടനം ഔദ്യോഗികമായി നടന്നില്ലെങ്കിലും 2018 ജനുവരി മുതൽ ഇവിടെ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. 16 വർഷങ്ങൾക്ക് മുമ്പ് സബ് സ്റ്റേഷന് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും മാറി മാറി വന്ന സർക്കാരുകളുടെ താത്പ്പര്യക്കുറവ് കാരണം നടപടികൾ ചുവപ്പ് നാടയിൽ കുരുങ്ങി. മുട്ടം പ്രദേശത്തുള്ള വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ ചേർന്ന് ജനകീയ സമിതി രൂപീകരിച്ച് മുൻമന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, പി.ജെ. ജോസഫ് എന്നിവർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് 5 കോടി 42 ലക്ഷം രൂപ അനുവദിച്ചത്.