ഇടുക്കി: ദേവികുളം സബ് കളക്‌ടർ രേണു രാജിനെ അവഹേളിച്ച സംഭവത്തിൽ, സ്വന്തം പാർട്ടിക്കു പുറമേ സി.പി.ഐ കൂടി രംഗത്തെത്തിയതോടെ സമ്മർദ്ദത്തിലായ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ ഖേദം പ്രകടിപ്പിച്ചു. സബ് കളക്‌ടർ പ്രവർത്തിച്ചത് നിയമപരമായാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇന്നലെ രാവിലെ പ്രതികരിച്ചിരുന്നു. വനിതാ സബ് കളക്‌ടറെക്കുറിച്ച് മോശം പരാമർശം നടത്തിയ രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കൂടി പറഞ്ഞതോടെ എം.എൽഎ ഒറ്റപ്പെടുകയായിരുന്നു.
തന്റെ പരാമർശം സ്ത്രീസമൂഹത്തിന് വേദനയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എസ്. രാജേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, മൂന്നാറിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും നിർമ്മാണം തടയാൻ ഉദ്യോഗസ്ഥരെത്തിയാൽ ഇനിയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ റവന്യൂ വകുപ്പിന്റെ നടപടി തടസപ്പെടുത്തിയത് ചൂണ്ടിക്കാട്ടി സബ് കളക്‌ടർ ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.
പഞ്ചായത്ത് ഫണ്ടുപയോഗിച്ചു പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോടു ചേർന്ന സ്ഥലത്ത് വനിതാ വ്യാവസായ കേന്ദ്രത്തിന്റെ അനധികൃത നിർമ്മാണം തടഞ്ഞതിനെത്തുടർന്നാണ് എസ്. രാജേന്ദ്രൻ സബ് കളക്ടർക്കെതിരെ മോശമായ പരാമർശം നടത്തിയത്.റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എൻ.ഒ .സി ഇല്ലാതെയാണ് നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.അതേസമയം പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു എം.എൽ.എയുടെ നിലപാട്.
സബ് കളക്ടറോട് മോശമായി സംസാരിച്ചെന്ന ആരോപണത്തിൽ എം.എൽ.എയോട് വിശദീകരണം തേടുമെന്നും മറുപടി ലഭിച്ച ശേഷം തുടർനടപടി ആലോചിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. ഞായറാഴ്ചയായിട്ടും സബ് കളക്ടർ ഇന്നലെ മൂന്നാറിൽ പരിശോധന നടത്തിയെന്നും അത് അമിതാവേശമാണെന്നും ഇരിക്കുന്ന പദവിയുടെ ദുർവിനിയോഗമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ സബ് കളക്ടർ രാവിലെ 11 വരെ മൂന്നാർ ടൗണിലുണ്ടായിരുന്നെങ്കിലും വിവാദഭൂമി സന്ദർശിച്ചിരുന്നില്ല. മാരത്തണിൽ പങ്കെടുക്കാനാണ് അവർ മൂന്നാറിലെത്തിയത്.
സബ് കളക്ടർക്ക് പിന്തുണയുമായി റവന്യൂമന്ത്രി
സബ് കളക്ടർക്കെതിരെ ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ല. കോടതി വിധി നടപ്പാക്കാനാണ് റവന്യൂ വകുപ്പും സബ് കളക്ടറും ശ്രമിച്ചത്. അതുമായി മുന്നോട്ട് പോകും. എം.എൽ.എയുടെ വീഴ്ചയെ കുറിച്ച് താൻ പറയുന്നില്ല. വീഴ്ചയുണ്ടായോയെന്ന് അവർ തന്നെ അന്വേഷിക്കട്ടെ.
-റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ.