തൊടുപുഴ. മൂന്നാറിലെ നിയമ വിരുദ്ധ നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിച്ച വനിതയായ ദേവികുളം സബ് കളക്ടർക്കെതിരെ അപമര്യാദയായി പെരുമാറിയ എസ്. രാജേന്ദ്രൻ എം.എൽ.എ രാജിവച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് വനിതാ ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണഘടനാപരമായി ചുമതല വഹിക്കുന്ന എം.എൽ.എ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണ്. മൂന്നാറിൽ സ്വതന്ത്രമായി ഉദ്യോഗസ്ഥരെ ജോലി ചെയ്യാൻ എം.എൽ.എയും സംഘവും അനുവദിക്കുന്നില്ല. വനിതകളുടെ സംരക്ഷണത്തിന് മതിൽ തീർത്തവർ തന്നെ വനിതകളെ തുടർച്ചയായി അപമാനിക്കുന്നത് ജില്ലയിൽ നിത്യസംഭമാണ്. ഇതിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കാൻ തയ്യാറാവണമെന്നും വനിതാ ലീഗ് ആവശ്യപ്പെട്ടു. മൂന്നാർ ട്രിബ്യൂണൽ ആക്രമിച്ച് രേഖകൾ തകർത്ത കേസിൽ പ്രതിയായ രാജന്ദ്രനെ മുഖ്യമന്ത്രി ഇടപെട്ട് കുറ്റവിമുക്തനാക്കിയത് പ്രതിഷേധാർഹമാണ്. സി.പി.എം നേതാക്കൾക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഇതിനെതിരെ ജില്ലയിൽ വനിതകളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് വനിതാ ലീഗ് നേതൃത്വം നൽകും. ജില്ലാ പ്രസിഡന്റ് സഫിയാ ബഷീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം ജുബൈരിയാ ഷുക്കൂർ, ജനറൽ സെക്രട്ടറി ഷാനിതാ അലിയാർ, ട്രഷറർ ബീമാ അനസ് എന്നിവർ സംസാരിച്ചു.