തൊടുപുഴ: തരംതാണ പ്രസ്താവനയിലൂടെ ദേവികുളം സബ് കളക്ടറെ അപമാനിച്ച എസ്. രാജേന്ദ്രൻ എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വയം നവോത്ഥാന നായകനായകൻ ചമയുന്ന മുഖ്യമന്ത്രിയുടെ അനുയായികളാണ് ഇന്ന് കേരളത്തിൽ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ മുൻ പന്തിയിൽ. നവോത്ഥാന മതിൽ കെട്ടി സ്ത്രീ സംരക്ഷകർ ചമഞ്ഞ ഇടതുപക്ഷം സ്ത്രീത്വത്തെ അപമാനിക്കുന്നതിൽ മത്സരിക്കുകയാണ്. ഉയർന്ന റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥർക്കുപോലും ഇത്തരം വെല്ലുവിളികൾ നേരിടേണ്ടി വരുമ്പോൾ കേരളത്തിലെ സ്ത്രീ സമൂഹം ഭയത്തോടെയാണ് കഴിയുന്നത്. സ്ത്രീസംരക്ഷകർ ചമയുകയും സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിനെതിരെ കേരളത്തിലെ വനിതാ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ്. രാജേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധസംഗമം നടത്തും. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ മോളി മൈക്കിൾ, ഷീബ സുരേഷ്, മഞ്ജു ജിൻസ്, ഷൈനി അഗസ്റ്റിൻ, ജില്ലാ ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ശശികല രാജു, ശ്യാമള വിശ്വനാഥൻ എന്നിവർ സംസാരിച്ചു.