മറയൂർ: നാട്ടിലെത്തിയ കാട്ടാനക്കൂട്ടത്തിൽ നിന്ന് കൂട്ടംതെറ്റിയ കുട്ടികൊമ്പൻ കുടംബത്തെ തേടി വട്ടംകറങ്ങി. ഒന്നരവയസ് പ്രായമുള്ള കുട്ടികൊമ്പനാണ് ഏറെ നേരം വനപാലകരാടൊപ്പം നാട്ടിലൂടെ അലഞ്ഞത്. മേട്ടുപാളയം കുമരികാടിനോട് ചേർന്നുള്ള നെല്ലുത്തുറ ചിന്നരാജിന്റെ തെങ്ങിൻ തോട്ടത്തിലേക്കാണ് ശനിയാഴ്ച രാവിലെ ഒമ്പതംഗ കാട്ടാന കൂട്ടമെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനാതിർത്തിയിലെത്തിയ കാട്ടാനകളെ വനപാലകരെത്തി പടക്കം പൊട്ടിച്ച് വനത്തിലേക്ക് ഓടിച്ചു. എന്നാൽ പടക്കത്തിന്റെ ശബ്ദവും ആളുകളെയും കണ്ട് പേടിച്ച കുട്ടികൊമ്പന് പെട്ടെന്ന് കിടങ്ങ് കിടക്കാനായില്ല. ഇതാണ് വനപാലകരെ മണിക്കൂറുകളോളം വെള്ളം കുടിപ്പിച്ചത്. വിരണ്ട കുട്ടിയാന നാട്ടിലെ ഊടുവഴികളിലൂടെയെല്ലാം രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിലായിരുന്നു. വഴികാട്ടാനെത്തിയ വനം വകുപ്പ് വാച്ചർമാരെ കുത്താനും കുട്ടികൊമ്പൻ ശ്രമിച്ചു. ഏതാണ്ട് മൂന്നര മണിക്കൂറിന് ശേഷമാണ് ഭവാനിപ്പുഴക്ക് സമീപത്ത് കാത്തു നിൽക്കുകയായിരുന്ന സ്വന്തം കുടുംബത്തെ കുട്ടികൊമ്പൻ കണ്ടെത്തിയത്. പുഴയിലെ വെള്ളം കുറഞ്ഞ ഭാഗത്ത് കൂടി അവനെ അക്കരയ്ക്ക് കയറ്റി വിട്ടു. ഒടുവിൽ കുടുംബത്തോടൊപ്പം കുട്ടികൊമ്പൻ കാട്ടിലേക്ക് മടങ്ങി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. സെൽവരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘത്തിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കുട്ടികൊമ്പനെ ആനക്കൂട്ടത്തിനൊപ്പം തിരിച്ചെത്തിച്ചത്.