dr-renu-raj

ഇടുക്കി: നിലപാടുകളിൽ മാത്രമല്ല കായികക്കരുത്തിലും ദേവികുളം സബ് കളക്ടർ ഡോ. രേണുരാജ് ഐ.എ.എസിനെ തകർക്കാൻ ആർക്കുമായില്ല. എം.എൽ.എയുടെ ശകാരവാക്കുകളിൽ പതറിപ്പോകുന്നവളല്ലെന്ന് തെളിയിച്ച് മൂന്നാം മൂന്നാർ മാരത്തണിൽ റൺ വിത്ത് ഫൺ വിഭാഗത്തിൽ ഒന്നാമതെത്തി തീയിൽ കുരുത്തവൾ വെയിലത്ത് വാടില്ലെന്ന് രേണുരാജ് പറയാതെ പറഞ്ഞു.

രണ്ടുദിവസം മുമ്പ് സ്ഥലം എം.എൽ.എ എസ്.രാജേന്ദ്രൻ തന്നെ അധിക്ഷേപിച്ച അതേ മണ്ണിലായിരുന്നു ഇന്നലെ രേണുരാജിന്റെ സുവർണഫിനിഷ്. അതിരാവിലെ ട്രാക് സ്യൂട്ടണിഞ്ഞ് മൂന്നാറിലെത്തിയ സബ് കളക്ടർ റൺ വിത്ത് ഫൺ വിഭാഗത്തിൽ ഏഴ് കിലോമീറ്റർ ദൂരം തളരാതെ ഓടി ഒന്നാമത് ഫിനിഷ് ചെയ്താണ് കരുത്ത് തെളിയിച്ചത്.

ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനക്കാരനായത് മൂന്നാർ ഡി.എഫ്.ഒ നരേന്ദ്രബാബു ഐ.എഫ്.എസ് ആയിരുന്നു. മൂന്നാമനാകട്ടെ ഡോ. രേണു രാജിന്റെ പിതാവ് രാജകുമാരൻ നായരും.

വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന മൂന്ന് മാരത്തൺ മത്സരങ്ങളിൽ ഒന്നിന്റെ ഉദ്ഘാടക കൂടിയായിരുന്നു സബ് കളക്ടർ. ഹൈ ആൾട്ടിറ്റ്യൂട് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് മൂന്നാർ, വട്ടപ്പാറ, സിഗ്നേച്ചർ പോയിന്റ് സൈലന്റ് വാലി റോഡ് വഴി സ്റ്റാർട്ടിംഗ് പോയിന്റിൽ തിരിച്ചെത്തുന്ന 42 കിലോമീറ്റർ വിഭാഗവും, മൂന്നാർ, ലക്ഷ്മി എസ്റ്റേറ്റ് വരെ പോയി തിരിച്ചെത്തുന്ന 21 കിലോമീറ്റർ വിഭാഗവും, സബ്കളക്‌ടർ ഉൾപ്പെടെയുള്ളവർ മത്സരിച്ച ഹൈ ആൾറ്റിറ്റ്യൂട് സ്റ്റേഡിയത്തിൽ നന്ന് ആരംഭിച്ച് ടൗൺ, ഹെ‌ഡ് വർക്ക് ഡാം, പഴയ മൂന്നാർ വഴി തിരിച്ചെത്തുന്ന ഏഴ് കിലോമീറ്റർ റൺ വിത്ത് ഫൺ മത്സരവുമാണ് ഉണ്ടായിരുന്നത്. കാനഡ, ഫ്രാൻസ്, പോളണ്ട്, സെർബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 1500 പേരാണ് മറ്റ് രണ്ട് മത്സരങ്ങളിലും പങ്കെടുത്തത്. അതേസമയം, ഇന്നലെ ഞായറാഴ്ചയായിട്ടും സബ് കളക്ടർ മൂന്നാറിൽ എത്തിയത് വിവാദ കെട്ടിടനിർമ്മാണം പരിശോധിക്കാനാണെന്ന് തെറ്റിദ്ധരിച്ച സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ,രേണു രാജിന് അമിതാവേശമാണെന്ന് കുറ്റപ്പെടുത്തി. അതേസമയം ഇന്നലെ ഔദ്യോഗിക ആവശ്യത്തിനല്ല മൂന്നാറിൽ എത്തിയതെന്ന് രേണു രാജ് കേരളകൗമുദിയോട് പറഞ്ഞു. പിതാവ് രാജകുമാരൻ നായരും മാതാവ് ലതയും ഒപ്പമുണ്ടായിരുന്നു.