വണ്ടിപ്പെരിയാർ: പഞ്ചായത്ത് ഹയർസെക്കൻ‌ഡറി സ്‌കൂളിലെ 55-ാമത് വാർഷിക ആഘോഷവും അദ്ധ്യാപിക യാത്രയയപ്പും സ്‌കൂൾ ബസ് ഉദ്ഘാടനവും ഇന്ന്. ഇതോടൊപ്പം 'കരുതലോടെ പദ്ധതി' യുടെ ഉദ്ഘാടനവും ഇ.എസ്. ബിജിമോൾ എം.എൽ.എ നിർവഹിക്കും. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്ന ഷീലാ കുളത്തിങ്കലിന് യാത്രയയപ്പ് നൽകി കൊണ്ടുള്ള സമ്മേളനവും വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കും. തോട്ടം മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട സ്‌കൂളാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌കൂൾ. നിരവധി പ്രതിഭകളും ഉദ്യോഗസ്ഥരും ഈ സ്‌കൂളിൽ പഠിച്ച് തോട്ടം മേഖലയുടെ അഭിമാനം കാത്തിട്ടുണ്ട്. സ്‌കൂളിലെ 55-ാമത് വാർഷിക ആഘോഷം നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പദ്ധതിയായ ഹൈടെക് പദ്ധതിയിലൂടെ പീരുമേട് മണ്ഡലത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്‌കൂളിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പരിപാടിയിൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അദ്ധ്യക്ഷയായിരിക്കും. സ്‌കൂൾ പ്രിൻസിപ്പൽ ഷീലാ കുളത്തിങ്കൽ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും.