തൊടുപുഴ: ദേശാഭിമാനി തൊടുപുഴ ഏരിയാ ലേഖകനും ചെത്തുതൊഴിലാളി യൂണിയൻ തൊടുപുഴ താലൂക്ക് ജോയിന്റ് സെക്രട്ടറിയുമായ പി.ഐ സാബുവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മുനിസിപ്പൽ പൊതുശ്മശാനമായ ശാന്തിതീരത്ത് ആചാരങ്ങളൊന്നുമില്ലാതെ സാബുവിന് പ്രിയ സഖാക്കളും മാദ്ധ്യമപ്രവർത്തകരും സാമൂഹ്യ, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രമുഖർ അടക്കമുള്ള പൗരാവലിയും യാത്രാമൊഴിയേകി. മണക്കാട് പൂവാങ്കൽ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ വിവിധ രാഷ്ട്രീയപാർട്ടി, വർഗബഹുജന, സർവീസ് സംഘടനാ പ്രവർത്തകരും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലുള്ളവരും മാധ്യമപ്രവർത്തകരും എത്തിയിരുന്നു. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ്, സി.പി.ഐ സംസ്ഥാന കൗൺസിലംഗം മാത്യു വർഗീസ്, ചലച്ചിത്രതാരം നിഷാന്ത് സാഗർ, കെ.സി.എ മുൻ സെക്രട്ടറി ടി.സി. മാത്യു തുടങ്ങി നിരവധിപേർ ആദരാഞ്ജലികളർപ്പിച്ചു. 11.15 ന് വീട്ടിൽ നിന്ന് മുണ്ടേക്കല്ലിലെ പൊതുശ്മശാനത്തിലേയ്ക്ക് മൃതദേഹം എത്തിച്ചു. ഇവിടെയും നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാൻ കാത്തുനിൽപ്പുണ്ടായിരുന്നു.
അനുശോചനയോഗം ചേർന്നു
തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയാ ലേഖകനും തൊടുപുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജോയിന്റ് സെക്രട്ടറിയുമായ പി.ഐ. സാബുവിന്റെ അകാലവേർപാടിൽ അനുശോചിച്ച് യോഗം ചേർന്നു. സംസ്‌കാരത്തിനു ശേഷം മുണ്ടേക്കല്ല് ശാന്തിതീരം പൊതുശ്മശാനത്തിനു സമീപം ചേർന്ന അനുശോചനയോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യമേഖലകളിലുള്ളവർ പങ്കെടുത്തു. തൊടുപുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എം. കുമാരൻ അദ്ധ്യക്ഷനായി. തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് മാദ്ധ്യമ പ്രവർത്തനത്തെയും ജനസേവനമായി കണ്ട പി.ഐ. സാബുവിന്റെ അകാലത്തിലുള്ള വേർപാട് തീരാനഷ്ടമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി അനുശോചനപ്രമേയം അവതരിപ്പിച്ചു. ഇടുക്കി പ്രസ്‌ക്ലബ് സെക്രട്ടറി എം.എൻ. സുരേഷ്, സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, കേരള കോൺഗ്രസ്- എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്, കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. നോബി കൃഷ്ണൻ, ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രൊഫ. സി.ടി. ഫ്രാൻസിസ്, എൻ.സി.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളി, കേരള കോൺഗ്രസ്- ബി നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ, കള്ളുചെത്ത് കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വർക്കി നിരപ്പേൽ, കോൺഗ്രസ്- എസ് നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ്, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് സുലൈമാൻ, തൊടുപുഴ താലൂക്കിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എ.ആർ. നാരായണൻ, മുസ്ലിംലീഗ് സംസ്ഥാന സമിതിയംഗം പി.ഐ. ഷുക്കൂർ എന്നിവർ സംസാരിച്ചു.