ചെറുതോണി: സെൻട്രൽ റോഡ് ഫണ്ടിൽ (സി.ആർ.എഫ്) നിർമ്മിക്കുന്ന കമ്പിളിക്കണ്ടം- പാറത്തോട്- മുനിയറ- തിങ്കൾക്കാട് റോഡിന്റെ നിർമ്മാണോദ്ഘാടനം 24ന് വൈകിട്ട് അഞ്ചിന് പാറത്തോട്ടിൽ നടക്കും. ടെൻഡർ നടപടികൾ പൂർത്തിയായ റോഡിന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നിർവ്വഹിക്കും. കേന്ദ്ര ഹൈവേ റോഡ് ഗതാഗത മന്ത്രാലയത്തിൽ നിന്ന് 10 കോടി രൂപയാണ് ഈ റോഡിന്റെ നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. ദേശീയ നിലവാരത്തിൽ ബിഎം & ബിസി ടാർ ചെയ്ത് ഓടകളും കലുങ്കുകളും നവീകരിക്കും. റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റിംഗ് നടത്തി ദിശാ ബോർഡുകളും റിഫ്ളക്ടർ ലൈറ്റുകളും സ്ഥാപിക്കും. നെടുങ്കണ്ടത്ത് ആരംഭിക്കുന്ന ജില്ലാ ആശുപത്രിയിലേക്ക് ഉൾപ്പെടെ എത്തിച്ചേരുന്നതിന് ഉയർന്ന നിലവാരത്തിലുള്ള റോഡ് സഹായകരമാകും. കിഫ്ബിയിൽ നിർമ്മിക്കുന്ന നത്തുകല്ല്, കല്ലാർകുട്ടി റോഡിന്റെ ഭാഗമായി കമ്പിളിക്കണ്ടം മുതൽ കല്ലാർകുട്ടി വരെയും ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം നടക്കും. സി.ആർ.എഫ് റോഡായി ഏറ്റെടുത്ത് 28 കോടി രൂപ കേന്ദ്രത്തിൽ നിന്ന് അനുവദിച്ച നേര്യമംഗലം പാമ്പ്ള റോഡ് പനംകുട്ടി വഴി കമ്പിളികണ്ടം വരെ നീട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് ഇടുക്കി മണ്ഡലത്തിലെ ഒമ്പത് റോഡുകളുടെ നിർമ്മാണത്തിന് 154 കോടി രൂപയാണ് ലഭിച്ചിട്ടുള്ളതെന്ന് ജോയ്‌സ് ജോർജ്ജ് എം.പി പറഞ്ഞു.