roshy
കർഷക ആത്മഹത്യകൾ തടയുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധർണ റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: കർഷക ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർഷകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും സർക്കാർ അലംഭാവം ഉപേക്ഷിച്ച് ക്ഷേമപരിപാടികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും റോഷി അഗസ്റ്റിൻ എം.എൽ.എ ആവശ്യപ്പെട്ടു. കർഷക ആത്മഹത്യ തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല തകർന്ന് അനുദിനജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത സാഹചര്യത്തിൻ ധനകാര്യ സ്ഥാപനങ്ങൾ ജപ്തിനടപടികൾ കൂടി സ്വീകരിക്കുന്നത് കർഷകരുടെ മനോബലം തകർക്കുകയാണ്. പ്രളയത്തിനുശേഷം സർക്കാർ മൊറോട്ടോറിയം പ്രഖ്യാപിച്ചെങ്കിലും സഹകരണ മേഖലയിലുള്ള ബാങ്കുകൾ മൊറോട്ടോറിയം ആനുകൂല്യം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വായ്പകൾക്ക് മൊറോട്ടോറിയ ആനൂകൂല്യം ലഭിക്കുന്നതിന് 2018 ഡിസംബർ 31 വരെയാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ അപേക്ഷ നൽകാനാവാത്ത കർഷകരും ജപ്തി നടപടി നേരിടുകയാണ്. മൊറോട്ടോറിയ ആനുകൂല്യത്തിന് അപേക്ഷ നൽകുന്നതിനുള്ള കാലയളവ് മാർച്ച് 31 വരെ ദീർഘിപ്പിച്ചു നൽകണം.
ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ട് പോയാൽ ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ ഉപരോധിച്ചുകൊണ്ട് തുടർ സമരങ്ങൾക്ക് കേരളാ കോൺഗ്രസ് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നീറനാംകുന്നേൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. ജോസഫ് ജോൺ, ജില്ലാ സെക്രട്ടറിമാരായ ജോയി കിഴക്കേപറമ്പിൽ, കുര്യാക്കോസ് ചേലമൂട്ടിൽ, ടി.ജെ ജേക്കബ്, ഫിലിപ്പ് മലയാട്ട്, ജില്ലാ ട്രഷറർ എം.വി. കുര്യൻ നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജിൻസൺ വർക്കി, സാബു പരപരാകത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോഹർ നടുവിലേടത്ത്, ജോസ് കുഴികണ്ടം, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സെലിൻ കുഴിഞ്ഞാലിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് ആക്ടിഗ് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത, സെലിൻ വിൻസെന്റ്, ബെന്നി പുതുപ്പാടി എന്നിവർ സംസാരിച്ചു.