beenamol-road
ബീനാമോൾ റോഡിലെ തകർന്നു കിടക്കുന്ന അമ്പഴത്തിനാൽപ്പടി ഭാഗം

രാജാക്കാട്: ടാറിംഗ് തകർന്ന് ബീനാമോൾ റോഡ് വഴിയുള്ള ഗതാഗതം ദുഷ്‌കരമായി. ടാർ ചെയ്യാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. പൊന്മുടി ഡാം ടോപ്പിൽ നിന്ന് ആരംഭിച്ച് പള്ളിസിറ്റി, കൊന്നത്തടി, പൂതകാളി, കൊമ്പൊടിഞ്ഞാൽ വഴി പണിക്കൻകുടിയിലെത്തുന്ന റോഡാണിത്. 11 കിലോമീറ്ററാണ് ആകെ നീളം. ഇതിൽ പണിക്കൻകുടി മുതൽ കൊന്നത്തടി സി.എസ്.ഐ പള്ളിയുടെ സമീപം വരെ കഴിഞ്ഞ വർഷം പാച്ച് വർക്ക് നടത്തിയിരുന്നു. നിലവിൽ കൊന്നത്തടി മുതൽ പൊന്മുടി വരെയുള്ള നാലു കിലോമീറ്റർ ഭാഗത്തെ പാച്ച് വർക്കിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ കൊന്നത്തടിക്കും സി.എസ്.ഐ പള്ളിക്കുമിടയിലുള്ള രണ്ട് കിലോമീറ്റർ ദൂരത്തിന് അനുമതിയായിട്ടില്ല. പാച്ച് വർക്ക് നടത്തി നിറുത്തിയ സി.എസ്.ഐ പള്ളിയ്ക്ക് സമീപത്ത് നിന്ന് റീടാറിംഗ് ആരംഭിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. ഇക്കാരണത്താൽ അനുമതി ലഭിച്ചിരിക്കുന്ന ഭാഗം ടാർ ചെയ്താൽ നാട്ടുകാർ പണി തടസപ്പെടുത്തുമെന്ന ആശങ്കയിലാണ് കരാറുകാർ ജോലി ഏറ്റെടുക്കാൻ മടിയ്ക്കുന്നത്. നിലവിൽ പൊന്മുടി നാടുകാണി കവലയ്ക്ക് താഴെയുളള അമ്പഴത്തിനാൽ പടി വളവിൽ റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. കാർ, ബൈക്ക് അടക്കമുള്ള ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കയറ്റത്തോടുകൂടിയ ഈ ഭാഗത്ത് ഒന്നരയടി താഴ്ചയിലുള്ള കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സ്‌കൂൾ ബസുകൾ കുട്ടികളെ ഇറക്കിയ ശേഷമാണ് കയറ്റം കയറുന്നത്. മരക്കാനം റോഡിലുടെ പോയി അനിയൻസിറ്റി വഴി ചുറ്റിയാണ് റോഡ് പരിചയമുള്ളവർ യാത്ര ചെയ്യുന്നത്. വഴി പരിചയമില്ലാത്തവരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.