cabbage-farm
വിളവെടുക്കാറായ കാന്തല്ലൂരിലെ കാബേജ് പാടങ്ങൾ

മറയൂർ: കാന്തല്ലൂരിലെ പാവപ്പെട്ട കർഷകർ അദ്ധ്വാനിച്ച് വിളയിച്ച ശീതകാല പച്ചക്കറി തുശ്ചമായ വിലയ്ക്ക് വാങ്ങിച്ചിട്ട് പണം ചോദിക്കുമ്പോ ഹോർട്ടികോർപ്പ് കൈമലർത്തുന്നു. സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകിയതിന്റെ വില മാസങ്ങളായി കർഷകന് നൽകിയിട്ടില്ല. ഒന്നും രണ്ടുമല്ല 16.30 ലക്ഷം രൂപയാണ് കുടിശിഖയുള്ളത്. സംഭരണവില കുറച്ചാണ് പച്ചക്കറി ഹോർട്ടികോർപ്പ് ശേഖരിക്കുന്നത്. ഒരു കിലോ കാരറ്റിന് 14 രൂപയും കാബേജിന് എട്ട് രൂപയുമാണ് കർഷകന് നൽകുന്നത്. വില കിട്ടിയില്ലെങ്കിലും ഞായറും ബുധനും 20 ടൺ പച്ചക്കറി കർഷകർ കയറ്റി വിടുന്നുണ്ട്. കാന്തല്ലൂർ വി.എഫ്.പി.സി.കെ ലേല വിപണിയും കാന്തല്ലൂർ ശീതകാല പച്ചക്കറി വിപണന സംഘവുമാണ് ഹോർട്ടികോർപ്പിനു വേണ്ടി പച്ചക്കറി സംഭരിച്ചു കയറ്റി വിടുന്നത്. ലേല വിപണിക്ക് 9.3 ലക്ഷം രൂപയും സംഘത്തിന് ഏഴ് ലക്ഷം രൂപയുമാണ് ഹോർട്ടികോർപ്പ് നൽകാനുള്ളത്. കഴിഞ്ഞയാഴ്ച പച്ചക്കറി കയറ്റിയ വാഹനം കർഷകർ തടയാൻ ശ്രമിച്ചെങ്കിലും ലേല വിപണി അധികൃതർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ വിടുകയായിരുന്നു. വിപണന സംഘത്തിന് ഒരാഴ്ച മുമ്പ് നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇനിയും അവർക്ക് ഏഴു ലക്ഷം രൂപ ലഭിക്കാനുണ്ട്. ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിച്ച് തുടങ്ങിയതോടെ ഇടനിലക്കാർ പച്ചക്കറി സംഭരണത്തിൽ നിന്ന് പിൻമാറിയിരുന്നു. വിളവെടുത്ത പച്ചക്കറി വാങ്ങാൻ ആളില്ലാതെ വന്നതോടെ പണം തന്നില്ലെങ്കിലും ഹോർട്ടികോർപ്പിന് തന്നെ നൽകേണ്ട ഗതികേടിലാണ് കർഷകർ. കുടിശിഖ ഉടനടി അനുവദിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കർഷകർ.


'കാന്തല്ലൂർ ശീതകാല പച്ചക്കറി കർഷകന് നൽകാനുള്ള കുടിശിഖ ഉടനടി നൽകാൻ നടപടി സ്വീകരിച്ചു വരുന്നു. കർഷകരുടെ ബില്ലുകൾ ഹെഡ്ക്വാർട്ടേഴ്‌സിൽ അംഗീകരിച്ചിട്ടുണ്ട്."

-ഷാജു ( മൂന്നാർ ഹോർട്ടികോർപ്പ് അസി. മാനേജർ)