ഇടുക്കി: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ ദുരിതം യാത്രക്കാരുടെ തലയിൽ അടിച്ച് കെ.എസ്.ആർ.ടി.സിയുടെ പകപോക്കൽ.

ആവശ്യത്തിന് ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് നിരവധി മലയോര സർവീസുകളാണ് കോർപ്പറേഷൻ റദ്ദാക്കിയത്. ജില്ലയുടെ ഉൾനാടൻ പ്രദേശങ്ങളിൽ നിന്നുള്ള പല ദീർഘദൂര സർവീസുകളും ഇതോടെ നിലച്ചു. വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് ജില്ല, താലൂക്ക്, പഞ്ചായത്ത് ഓഫീസുകളിൽ എത്താനുള്ള സാധരണക്കാരുമൊക്കെ ടാക്സി വിളിച്ച് യാത്രചെയ്യേണ്ട ഗതികേടിലാണിപ്പോൾ. ജില്ലയിൽ സ്ഥിരതാമസക്കാരായ സർക്കാർ ജീവനക്കാർക്ക് സയമത്ത് ഓഫീസുകളിൽ എത്താനാകുന്നില്ലെന്നതാണ് ബസ് സർവീസ് നിലച്ചതുകൊണ്ടുള്ള ഏറ്റവും വലിയ പ്രതിസന്ധി. ജീവനക്കാർ രാവിലെ താമസിച്ച് എത്തുകയും വൈകിട്ട് നേരത്തെ പോകാൻ നിർബന്ധിതരാവുകയും ചെയ്യുന്നത് സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കുകയാണ്. ഓഫീസുകളിൽ ആളില്ലാത്ത അവസ്ഥ ഭരണസ്തംഭനത്തിനു കാരണമാകും. പ്രത്യേകിച്ച് സാമ്പത്തിക വർഷം അവസാനിക്കാൻ പോകുന്ന സമയത്ത് ഏറെ ജോലിത്തിരക്കുകളുള്ള ഓഫീസുകളിൽ പോലും ജീവനക്കാർക്ക് കൃത്യസമയം പാലിച്ച് ജോലി ചെയ്യാനാകുന്നില്ല. ഹൈറേഞ്ചിലെ മിക്കവാറും എല്ലാ ഉൾനാടൻ പ്രദേശങ്ങളിലേക്കും ആവശ്യത്തിന് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നതാണ്. ഇതെല്ലാം പിന്നീട് സൂപ്പർ ക്ലാസ് പെർമിറ്റുകളായത് വിവാദമാവുകയും ഹൈക്കോടതി ഇടപെട്ട് സ്വകാര്യ ബസ് പെർമിറ്റുകൾ റദ്ദ് ചെയ്യുകയുമായിരുന്നു. ഈ റൂട്ടുകളെല്ലാം കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുകയും ചെയ്തു. യാത്രക്കാരെ വലയ്ക്കില്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയാണ് കെ.എസ്.ആർ.ടി.സി തലങ്ങും വിലങ്ങും സർവീസ് ആരംഭിച്ചത്. അങ്ങനെ റൂട്ടുകളെല്ലാം കൂത്തകയാക്കിയശേഷമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ യാത്രക്കാരെ പെരുവഴിയിൽ ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജനങ്ങളെ വഞ്ചിക്കുന്നത്.

ദുരിതമേറെ ഈ റൂട്ടിൽ

യാത്രാദുരിതം ഏറെ അനുഭവിക്കുന്നത് പൂപ്പാറ- രാജാക്കാട്- അടിമാലി- വഴി എറണാകുളം, തൊടുപുഴ റൂട്ടുകളിലാണ്. പൂപ്പാറയിൽ നിന്ന് രാവിലെ 5ന് കോട്ടയത്തേക്കും എറണാകുളത്തിനുമുള്ള രണ്ട് സർവീസുകൾ ഒറ്റയടിക്ക് റദ്ദാക്കി. ഇപ്പോൾ നാലിന് പുറപ്പെടുന്ന എറണാകുളം ബസ് മാത്രമാണ് ഇവിടെനിന്നുള്ള ഏക പുലർകാല സർവീസ്. അതിൽ യാത്രചെയ്യണമെങ്കിൽ ആളുകൾ മൂന്നുമണിക്കെങ്കിലും ഉറക്കമുണരണം. തൊടുപുഴയിലും പൈനാവിലുമൊക്കെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രാവിലെ സമയത്ത് ഓഫീസിൽ എത്തണമെങ്കിൽ ഒന്നുകിൽ ഈ ബസിനെ ആശ്രയിക്കണം അല്ലെങ്കിൽ ടാക്സി വിളിച്ചുപോകണം. മാസം നല്ലതുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കുപോലും ദിവസവും ടാക്സി വിളിച്ച് യാത്രചെയ്യാനാവില്ലെന്നിരിക്കെ വിദ്യാർത്ഥികളും സാധാരണക്കാരും എന്തു ചെയ്യുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.