അറക്കുളം: വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടിയുണ്ടായ തീപിടിത്തത്തിൽ കൈത തോട്ടം കത്തി നശിച്ചു. അറക്കുളം ആലാനിക്കല്‍ തോട്ടം ഭാഗത്ത് തയ്യില്‍ ആനിയമ്മ സിറിയകിന്‍റെ രണ്ട് ഏക്കറോളം സ്ഥലം കത്തി നശിച്ചു. ആലാനിക്കല്‍ കോളനിക്ക് സമീപമാണ് തീ പടര്‍ന്നത്. തിങ്കളാഴ്ച രാവിലെ 11നായിരുന്നു സംഭവം. വൈദ്യുതി ലൈനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് തടി കയറ്റുന്നതിനിടയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണിരുന്നു. ഇവ ശരിയാക്കി കഴിഞ്ഞതിന് ശേഷം ലൈനുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഷോര്‍ട്ടുണ്ടായാണ് തീപിടിത്തമുണ്ടായത്. ലൈന്‍ കമ്പിയില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീ പിടിക്കുകയും കൈത തോട്ടം കത്തി നശിക്കുകയുമായിരുന്നു. 20 റബര്‍ മരങ്ങള്‍, 18 തെങ്ങുകൾ, ആനി, പ്ലാവ് എന്നിവ പൊള്ളലേറ്റു നശിച്ചു. സമീപത്തുള്ള ആലാനിക്കല്‍ കോളനിയില്‍ 35 വീട്ടുകാര്‍ താമസിക്കുന്നുണ്ടായിരുന്നു. തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചുത്. തീ പിടിത്തത്തിന് ശേഷം വൈദ്യുതി ലൈനുകൾ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ കല്ലുകെട്ടി തൂക്കിയിരിക്കുകയാണ്. വൈദ്യുതി വകുപ്പ് അധികൃതരുടെ കനത്ത അനാസ്ഥയാണ് തീ പിടുത്തത്തിനു കാരണമെന്നു സമീപവാസികള്‍ പറഞ്ഞു.