ചെറുതോണി: മക്കുവള്ളിയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. മക്കുവള്ളി സ്വദേശികളായ ചക്കുങ്കൽ ഹരിദാസ്, ഭാര്യ സന്ധ്യ, മകൻ ജിഷ്ണു, കാർ ഡ്രൈവർ നെല്ലിക്കുന്നേൽ ഷാജു പോൾ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടു കൂടിയായിരുന്നു അപകടം. മക്കുവള്ളിയിൽ നിന്ന് കഞ്ഞിക്കുഴിക്ക് വരികയായിരുന്ന മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറി വരികയായിരുന്ന കാർ വലിമുട്ടി പിറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. വനത്തിനുള്ളിലെ ചെറിയ നെല്ലിമരത്തിൽ വാഹനം തടഞ്ഞു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഹരിദാസിന്റെ കാലുകൾക്ക് ഒടിവ് പറ്റിയിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമല്ല. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.