ഇടുക്കി: കെട്ടിട നിർമ്മാണ വിവാദത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എയെ ന്യായീകരിച്ച് ഡി.സി.സി അംഗമായ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ. കറുപ്പുസ്വാമിയെത്തി. പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണ വിഷയത്തിൽ എം.എൽ.എയെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും സബ് കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയപ്പോൾ തന്നെ തുടർ നടപടികളിൽ സാവകാശം തേടിയിരുന്നതായും പ്രസിഡന്റ് പറഞ്ഞു. സബ് കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി ഇടപെടലുണ്ടായാൽ നിയമപരമായി നേരിടും.
അതേസമയം, എസ്. രാജേന്ദ്രനുമായി ചേർന്ന് റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്ത് അംഗം എസ്. വിജയകുമാർ എന്നിവരോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ വിശദീകരണം തേടി. പഞ്ചായത്ത് കെട്ടിടം പണിയുന്ന സ്ഥലത്ത് എം.എൽ.എയോടൊപ്പം എത്തിയതിന്റെ യഥാർത്ഥ കാരണം മൂന്നു ദിവസത്തിനകം വിശദീകരിക്കണം.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിൽ ഇടതു എം.എൽ.എ എന്തിന് ഇടപെട്ടെന്ന് സി.പി.എമ്മും കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രാജേന്ദ്രന്റെ മറുപടിയിന്മേൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ചർച്ചചെയ്യാൻ ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി യോഗം കട്ടപ്പനയിൽ ചേർന്നു. മന്ത്രി എം.എം. മണി ഉൾപ്പെടെ പങ്കെടുത്തു.
എം.എൽ.എയുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് സബ് കളക്ടർ ഡോ. രേണു രാജ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നാറിലെ വിവാദ സ്ഥലത്ത് ഇന്നലെ നിർമ്മാണജോലികൾ ഒന്നും നടന്നില്ല. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഡി.പി.സി അംഗീകാരം ലഭിച്ച പദ്ധതികൾ പൂർത്തിയാക്കി ധനവിനിയോഗം പൂർത്തിയാക്കാനായിരുന്നു പഞ്ചായത്തിന്റെ നീക്കം.