കുമളി: കൂരമാനിനെ വേട്ടയാടിപിടിച്ച നാല് പേരെ വനപാലകർ പിടികൂടി. കുഴിത്തോളു പോത്തുംകണ്ടം സ്വദേശികളായ കെെയ്യാണിയിൽ ടോമി എന്ന് വിളിക്കുന്ന ലൂക്കോസ് (52), കളത്തിൽ റോയിതോമസ് (40), വെള്ളാരംകുന്ന് ഡെെമുക്ക് നാലാനിൽ ജെയ്മോൻ (38), കൊച്ചറ അപ്പാപ്പിക്കട ഉള്ളാട്ട് അനിൽ(45) എന്നിവരാണ് പിടിയിലായത്. തിങ്കാളാഴ്ച പുലർച്ചെ വനപാലകർ നടത്തിവരുന്ന പെട്രോളിംഗിനിടെയാണ് പ്രതികൾ കുടുങ്ങിയത്. ദൂരുഹസാചര്യത്തിൽ പുലർച്ചെ ബെെക്കിലെത്തിയവരെ ചോദ്യം ചെയ്തതപ്പോഴാണ് വിവരം അറിയുന്നത്. പെരിയായർ കടുവാസങ്കേതത്തിലെ പരിശീലനം ലഭിച്ച നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കൂരമാനിന്റെ ഇറച്ചിയും അവശിഷ്ടങ്ങളും കണ്ടെത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ വെള്ളാരംകുന്ന് സ്വദേശി ജെയ്മോന്റെ ലെെസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിച്ചാണ് മാനിനെ വെടിവച്ചതെന്ന് ഇവർ പറഞ്ഞു. ജെയ്മോന്റെ വീട്ടിൽ നടത്തിയ തിരച്ചലിൽ നാടൻ തോക്ക് കണ്ടെടുത്തു. ഒരുവർഷം മുമ്പ് തോക്ക് ജെയ്മോന് നൽകിയ അനിലിനെയും കസ്റ്റഡിയിലെടുത്തു. വെള്ളാരംകുന്നിൽ വീടിന് സമീപത്ത് നിന്ന് ചന്ദനം മോഷണം പോയ ഭാഗത്ത് നിന്നുമാണ് ജെയ്മോൻ പിടിയിലായത്. വെള്ളാരംകുന്ന് കേന്ദ്രീകരിച്ച് മൃഗവേട്ട നടക്കുന്നതായി അറിഞ്ഞതിനെ തുടർന്നാണ് രാത്രികാല പരിശോധന കർശനമാക്കിയത്.