തൊടുപുഴ: നഗരസഭാ പരിധിയിൽ മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോഫൈലേറിയയെ കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എം.ആർ. അറിയിച്ചു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, തൊടുപുഴ നഗരസഭയിൽ നിന്ന് രാത്രികാലത്തു ശേഖരിച്ച രക്തസാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമായക്കിയപ്പോഴാണ് മന്തുരോഗത്തിനു കാരണമാകുന്ന വുച്ചറേറിയം വിഭാഗത്തിൽപ്പെട്ട വിരയെ കണ്ടെത്തിയത്. ഇത്തരം ചെറുവിരകളെ വഹിക്കുന്നവരെ കുത്തിയ ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ സാധാരണക്കാരിൽ കടിക്കുമ്പോഴാണ് രോഗം പടരുന്നത്. മന്തുരോഗം പ്രധാനമായും ബാധിക്കുന്നത് ശരീരത്തിലെ ലീംഫ് ഗ്രന്ഥികളെയാണ്. പ്രായമായ വിരകൾ കെട്ടുപിണഞ്ഞ് ഈ ഗ്രന്ഥികളുടെ ഒഴുക്കു തടയുകയും ശരീരത്തിൽ കൈകാലുകൾ സ്ത്രീ- പുരുഷ ലൈഗീകാവയവങ്ങൾ സ്ത്രീകളുടെ സ്തനങ്ങൾ എന്നിവയിൽ നീർക്കെട്ടുണ്ടാകുകയും ചെയ്യും. ചെറിയ പനി, ശരീരഭാഗങ്ങളിൽ നീര് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഇവ പെട്ടെന്ന് പിൻവലിയുന്നതിനാൽ രോഗം തിരിച്ചറിയപ്പെടാതെ പോകും. തുടർന്ന് വർഷങ്ങൾക്കുശേഷം പ്രത്യക്ഷപ്പെടുന്ന നീർവീക്കം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. എന്നാൽ പുരുഷൻമാരുടെ വൃഷണസഞ്ചിയെ ബാധിക്കുന്ന ഹൈഡ്രോസീൽ എന്ന നീർവീക്കം ഓപ്പറേഷൻ വഴി പരിഹരിക്കാവുന്നതാണ്. വിരയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളുടെ രാത്രികാല രക്തസാമ്പിൾ ശേഖരിച്ചു പരിശോധിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ ഈ പ്രദേശത്തെ വീടുകളിൽ നിന്ന് രാവിലെ ഏഴിനും 10നും ഇടയിലുള്ള സമയങ്ങളിൽ കൊതുകുകളെ ശേഖരിച്ച് ഇവയുടെ ശരീരത്തിൽ മന്ത് വിരയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി ഡി.വി.സി യൂണിറ്റിൽ ഡീ സക്ഷൻ നടത്തും. തുടന്ന് നഗരസഭയിലാകമാനം ജനപ്രതിനിധികളുടെ സഹായത്തോടെ കൊതുക് നശീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തും. രോഗബാധ കണ്ടെത്തുന്നവർക്ക് സൗജന്യ ചികിത്സയും നൽകും.