ഇടുക്കി: ഇന്ത്യ- ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാറിന്റെ മറവിൽ വിയറ്റ്നാമിൽ നിന്നുള്ള കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് തടയണമെന്ന് ജോയ്സ് ജോർജ്ജ് എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. കുരുമുളക് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിലെ കർഷകരെ ബാധിക്കാതിരിക്കാൻ ഇറക്കുമതിക്ക് വലിയ നികുതിയാണ് ചുമത്തിയിട്ടുള്ളത്. പൊതുവായി 70 ശതമാനമാണ് ഇറക്കുമതി ചുങ്കം നിജപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഏഷ്യൻ സ്വതന്ത്ര വ്യാപാര കരാറിൽ വിയറ്റ്നാമിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നത് 51 ശതമാനമായി കുറച്ചു. ശ്രീലങ്കയിൽനിന്നും ഇറക്കുമതി ചെയ്യുന്നത് 8 ശതമാനമായും കുറച്ചു. വിയറ്റ്നാമിൽനിന്നും ശ്രീലങ്കയിൽനിന്നും 2500 ടൺ വരെ നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യുന്നതിനും അനുമതി നൽകി. യു.പി.എ സർക്കാരിന്റെ കാലത്താണ് ഈ കരാറുകളിൽ ഒപ്പുവച്ചത്. ശ്രീലങ്കയിൽനിന്നും ഇറക്കുമതി ചെയ്യുന്നതിന് 8 ശതമാനം ഇറക്കുമതി ചുങ്കം മാത്രമേയുള്ളൂ എന്നതുകൊണ്ട് വിയറ്റ്നാമിൽനിന്ന് വൻതോതിൽ കുരുമുളക് ശ്രീലങ്കയിലെത്തിച്ച് ശ്രീലങ്കയിൽ ഉത്പാദിപ്പിച്ചതാണെന്ന രേഖയുണ്ടാക്കി ഇന്ത്യയിലേയ്ക്ക് എത്തിക്കുകയാണ്. ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കുറഞ്ഞ ഇറക്കുമതി വില കിലോഗ്രാമിന് 500 രൂപയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രയോജനം കർഷകർക്കും ഉത്പാദകർക്കും വ്യാപാരികൾക്കും ലഭിക്കുന്നില്ല. അനധികൃതമായി ഇറക്കുമതി നടക്കുന്നതിലൂടെ സർക്കാരിന് നികുതിവരുമാനമായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടമാകുന്നതായും എം.പി പറഞ്ഞു.