പീരുമേട്: കുട്ടിക്കാനത്ത് ടാർ മിക്സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാവുന്നു. കുട്ടിക്കാനം- കട്ടപ്പന സംസ്ഥാന പാതയിൽ കുട്ടിക്കാനം ആഷ്‌ലി കവലയ്ക്ക് സമീപത്താണ് സ്വകാര്യ തോട്ടത്തിലെ മുറിച്ചുവിറ്റ രണ്ട് ഏക്കർ ഭൂമിയിൽ ടാർ മിക്സിംഗ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനം സജീവമായി നടക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാനായി റോഡ് പണിയുകയും അറുന്നൂറിലേറെ തേയിലച്ചെടികൾ പിഴുതുമാറ്റുകയും വ്യാപകമായി മണ്ണെടുക്കുകയും ചെയ്തിട്ടുണ്ട്. ചില യന്ത്ര സാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. നിയമം മറികടന്ന് സ്വകാര്യ വ്യക്തിക്ക് ഭൂമി നൽകിയതിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രതിഷേധയോഗവും ബോധവത്കരണ സെമിനാറും സംഘടിപ്പിക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം മുഖ്യ പ്രഭാഷണം നടത്തും. ഇതിന് പുറമെ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി 'സേവ് കുട്ടിക്കാനം" എന്ന ഹാഷ്‌ടാഗിൽ യുവാക്കളുടെ കൂട്ടായ്മകളും പ്ലാന്റിനെതിരെ രംഗത്തുണ്ട്.

നിർമ്മാണം ദേശീയപാതയുടെ മറവിൽ

ദേശീയപാതാ നിർമ്മാണത്തിന്റെ പേരിലാണ് റവന്യൂ വകുപ്പിന്റെ അനുമതി നേടിയിരിക്കുന്നത്. മലയോര ഹൈവേ വികസനത്തിനായാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ദേശീയപാതയുടെ അറ്റകുറ്റപ്പണികൾക്കും പ്രളയം മൂലം തകർന്ന റോഡുകൾ പണിയുന്നതിനും പ്ലാന്റ് ആവശ്യമാണെന്നും പ്ലാന്റ് പ്രവർത്തിക്കുന്നതു മൂലം പരിസ്ഥിതിക്ക് പ്രശനം ഉണ്ടാവുകയില്ലെന്നും പീരുമേട് തഹസിൽദാറും പൊതുമരാമത്ത് വകുപ്പും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പണികൾ നടക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനി ഒരു വർഷം മുമ്പ് തന്നെ ഇത് സ്ഥാപിക്കുന്നതിനായി സർക്കാർ ഉത്തരവ് സമ്പാദിച്ചിരുന്നതായും സൂചനയുണ്ട്. 18.01.18 ൽ ഇത്തരത്തിൽ ഉത്തരവ് ഉണ്ടെന്നാണ് പീരുമേട് തഹസിൽദാർ വ്യക്തമാക്കുന്നത്.

കുട്ടിക്കാനത്തിന്റെ തനിമ നശിക്കും

ഹൈറേഞ്ചിൽ എല്ലാ ഋതുക്കളിലും തണുപ്പ് ലഭിക്കുന്ന അപൂർവ പ്രദേശങ്ങളിൽ ഒന്നാണ് കുട്ടിക്കാനം. ടാർ ഊഷ്മാവിൽ കത്തുമ്പോൾ പുക, സോളിഡ് പാർട്ടിക്കിൾസ്, കാർബൺ മോണോക്‌സൈഡ്, നൈട്രിക് ആസിഡ് തുടങ്ങിയവ അന്തരീക്ഷത്തിൽ കലരും. ഇത് പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും ആരോഗ്യ ഭീഷണിയാകും. പ്ലാന്റ് പ്രവർത്തിക്കാൻ തുടങ്ങിയാൽ ഉണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങൾ കുട്ടിക്കാനത്തിന്റെ തനിമയെ നശിപ്പിക്കുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.

തൊഴിലാളികൾക്ക് നൽകേണ്ട ഭൂമി

തോട്ടം പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനു വേണ്ടി മാറ്റിയിട്ട ഭൂമിയാണ് തരം മാറ്റി വിൽപ്പന നടത്തിയത്. വൻകിട തോട്ടങ്ങളിൽ വിനോദ സഞ്ചാരം, സ്‌കൂളുകൾ, അനാഥാലയങ്ങൾ എന്നീ ആവശ്യങ്ങൾക്ക് അഞ്ചു ശതമാനം ഭൂമി തരം മാറ്റി ഉപയോഗിക്കാമെന്ന ഭൂപരിഷകരണ നിയമത്തിലെ ഇളവാണ് കച്ചവടത്തിന് തോട്ടം ഉടമകൾ മറയാക്കുന്നത്. പീരുമേട് താലൂക്കിൽ മിക്ക എസ്റ്റേറ്റുകളിലും തോട്ടം മുറിച്ച് വിൽപ്പനയും തരം മാറ്റലും തകൃതിയായി നടക്കുന്നതായും നേരത്തെ മുതൽ ആരോപണം ഉയർന്നിരുന്നു. ഭൂപരിഷ്‌കരണ നിയമം സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനും പോക്ക് വരവ് ചെയ്ത് നൽകുന്നതിനും കോടതി ഉത്തരവുകൾക്ക് വിധേയമായി മറ്റ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും തടസമില്ല. എന്നാൽ മുറിച്ചുവിറ്റ ഭൂമി തരം മാറ്റിയില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ പോക്കുവരവും സർട്ടിഫിക്കറ്റ് വിതരണവും നടത്താനാകൂ. പിന്നീട് തരം മാറ്റപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം. തരംമാറ്റിയ ഭൂമികളിലെ നിർമ്മാണങ്ങൾ തടയണമെന്നും എൻ.ഒ.സി നൽകരുതെന്നും താലൂക്ക് തലത്തിൽ സ്ഥിരം മോണിട്ടറിംഗ് സമിതി രൂപീകരിക്കണമെന്നും താലൂക്ക് വികസന സമിതി തഹസിൽദാർക്ക് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഇപ്പോൾ നിർമ്മാണങ്ങൾ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നത്.