അടിമാലി: മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായിരുന്ന ചീയപ്പാറ വെള്ളച്ചാട്ടം കടുത്ത വേനലിൽ വറ്റി വരണ്ടു. മലമുകളിൽ നിന്ന് തട്ടുതട്ടുകളായി താഴേക്ക് പതിക്കുന്ന കാട്ടരുവിയുടെ മനോഹര ദൃശ്യമായിരുന്നു ചീയപ്പാറയെ സഞ്ചാരികളുടെ പ്രധാനയിടമാക്കി മാറ്റിയിരുന്നത്. വെള്ളച്ചാട്ടത്തിന്റെയും വെള്ളച്ചാട്ടത്തിനോട് ചേർന്ന വനമേഖലയുടെയും ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ ഇറങ്ങുമ്പോൾ, നിറയുന്നത് പ്രദേശത്ത് കച്ചവടം നടത്തി മുമ്പോട്ട് പോയിരുന്ന ഒരു പറ്റം നിർധന കുടുംബങ്ങളുടെ വയറുകൂടിയായിരുന്നു. വേനലിൽ വെള്ളച്ചാട്ടം അപ്രത്യക്ഷമായതോടെ സഞ്ചാരികൾ ചീയപ്പാറയെ കൈയൊഴിഞ്ഞു. ഇനി മഴക്കാലമാരംഭിക്കുന്നത് വരെ എങ്ങനെ കുടുംബം മുമ്പോട്ട് കൊണ്ടുപോകുമെന്ന ആശങ്കയാണ് ചീയപ്പാറയിലെ വഴിയോരകച്ചവടക്കാർ പങ്ക് വയ്ക്കുന്നത്. വെള്ളം അധികമായി ലഭിച്ച മഴക്കാലമാണ് കടന്നുപോയതെങ്കിലും പതിവിന് വിപരീതമായി നേരത്തെ വെള്ളച്ചാട്ടം വറ്റി വരണ്ടതായും കച്ചവടക്കാർ പറയുന്നു. കച്ചവടം ഇല്ലാതായതിനൊപ്പം എതാനും നാളുകളായി പ്രദേശത്ത് നിലനിൽക്കുന്ന കുടിയൊഴിപ്പിക്കൽ ഭീഷണിയും ചീയപ്പാറയിലെ കച്ചവടക്കാരുടെ ഉറക്കം കെടുത്തുന്നുണ്ട്. വർഷങ്ങളായി ഉണ്ടായിരുന്ന ഉപജീവനമാർഗം എന്നന്നേക്കുമായി അടഞ്ഞാൽ, ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഈ വഴിയോരകച്ചവടക്കാർ.