pumb
ഇല്ലിപ്പാലത്തെ പമ്പ് ഹൗസ്.

രാജാക്കാട്: പമ്പിംഗ് സ്റ്റേഷനിലെ മോട്ടറുകൾ തകരാറിലായതിനെ ത്തുടർന്ന് രാജകുമാരിയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. ഉയർന്ന കുന്നിൻ പ്രദേശങ്ങൾ നിറഞ്ഞ മുരിക്കുംതൊട്ടി, കുരുവിളസിറ്റി, കുളപ്പാറച്ചാൽ, രാജകുമാരി, നടുമറ്റം, രാജകുമാരി നോർത്ത് എന്നിവിടങ്ങിലെ ആയിരക്കണക്കിന് ജനങ്ങൾ ഇതോടെ കടുത്ത ദുരിതത്തിലായി. കുടിക്കുന്നതിനും കുളിക്കുന്നതിനും കാലികൾക്ക് കൊടുക്കുന്നതിനുമടക്കം ദൈനംദിനാവശ്യങ്ങൾക്കെല്ലാം ആശ്രയിക്കുന്നത് കേരള വാട്ടർ അതോറിറ്റിയുടെ ഈ കുടിവെള്ള പദ്ധതിയെ ആണ്.

രാജകുമാരിയ്ക്ക് പുറമെ രാജാക്കാട്, ബൈസൺവാലി പഞ്ചായത്തിലെ ജോസ്ഗിരി ഭാഗം എന്നിവിടങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് ദശകങ്ങൾ മുമ്പ് ആരംഭിച്ച പദ്ധതിയാണിത്. സേനാപതി പഞ്ചായത്തിലെ ഇല്ലിപ്പാലത്തിനു സമീപം പന്നിയാർ പുഴയിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാന പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് മുരിക്കുംതൊട്ടിയിലെ റിപ്പീറ്റർ സ്റ്റേഷനിൽ എത്തിച്ചശേഷം മൂന്ന് പഞ്ചായത്തുകളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ വിതരണ ടാങ്കുകളും പൈപ്പ്‌ലൈനും സ്ഥാപിച്ചതിലെ അശാസ്ത്രീയതയും നിർമ്മാണത്തിൽ ഉപയോഗിച്ച ഗുണനിലവാരമില്ലാത്ത പൈപ്പുകളും മൂലം പദ്ധതി തുടക്കം മുതലെ പരാജയമായിരുന്നു. പമ്പിംഗ് സമയത്ത് പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൊഴുകി പാഴാകുന്നതും രാജാക്കാട് പ്രദേശങ്ങളിൽ വെള്ളം എത്താതിരുന്നതും മൂലം പദ്ധതി രാജകുമാരി പഞ്ചായത്തിൽ മത്രമായി ഒതുക്കി. ഇരുന്നൂറോളം വീട്ടുകണക്ഷനുകളും 103 പൊതു ടാപ്പുകളുമാണ് നിലവിലുള്ളത്. വേനൽ രൂക്ഷമാകുകയും കിണറുകളും കുളങ്ങളും വറ്റുകയും ചെയ്തതോടെ ആയിരക്കണിക്കിനാളുകൾ വെള്ളത്തിന്റെ ആവശ്യത്തിന് പൂർണമായി ആശ്രയിച്ചിരുന്നത് ഇവയെയാണ്. എന്നാൽ മൂന്നിന് ഇല്ലിപ്പാലം പമ്പ്ഹൗസിലെ രണ്ട് മോട്ടോറുകളും കത്തിയതിനെ തുടർന്ന് പമ്പിംഗ് നിലച്ചു. അറ്റകുപ്പണി ചെയ്യുന്നതിനായി പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇവർ മോട്ടോറുകൾ കൊണ്ടുപോയെങ്കിലും പണികൾ തീർത്ത് തിരിച്ചെത്തിച്ചിട്ടില്ല. ഇതോടെ ജനങ്ങൾ വൻ തുക മുടക്കി വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് അത്യാവശ്യ കാര്യങ്ങൾ നടത്തുന്നത്. ജലക്ഷാമം മൂലം ക്ഷീരകർഷകരും കടുത്ത ബുദ്ധിമുട്ടിലാണ്.

വ്യാഴാഴ്ച പമ്പിംഗ് പുനഃരാരംഭിക്കും: വാട്ടർ അതോറിട്ടി

മോട്ടോറുകളുടെ അറ്റകുറ്റപ്പണി നടക്കുകയാണെന്നും വ്യാഴാഴ്ചയോടെ പമ്പിംഗ് പുനഃരാരംഭിക്കാനാകുമെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.