ഇടുക്കി: വയസ് 90 ആയെന്ന് പറഞ്ഞിട്ട് കാര്യമില്ല, കഴിഞ്ഞ തവണ പെൻഷൻ വാങ്ങിയശേഷം പുനർവിവാഹം കഴിച്ചിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമുണ്ടെങ്കിലേ അടുത്തമാസം മുതൽ പെൻഷൻ കിട്ടൂ. വനിതാശാക്തീകരണത്തിന് മതിലുകെട്ടിയ നാട്ടിലാണ് വിധവകളെ കഷ്ടപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞമാസം വരെ പെൻഷൻ വാങ്ങിയെന്നത് അടുത്തമാസം കിട്ടാനുള്ള യോഗ്യതയല്ല. വിധവകളും 50 വയസിന് മേൽ പ്രായമുള്ള അവിവാഹിതരായ പെൻഷൻ ഗുണഭോക്താക്കളും ഈ മാസം 28നകം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ സത്യവാങ്മൂലം നൽകണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്വന്തമായി എണീറ്റ് നടക്കാൻ പോലും ശേഷിയില്ലാത്തവരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി കിട്ടാൻ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങണം. ഏത് ഓഫീസിലാണ് ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉള്ളത് എന്നുപോലും അറിയാത്തവരും പെൻഷൻ ഗുണഭോക്താക്കളുടെ കൂട്ടത്തിലുണ്ട്. കിട്ടുന്നത് തുച്ഛമായ സംഖ്യയാണെങ്കിലും വാർദ്ധക്യകാലത്ത് പലർക്കും അതൊരാശ്വാസമാണ്. പെൻഷൻ വാങ്ങാൻ പോകുന്നതിനുപോലും പരസഹായം തേടുന്നവർ വരെ സത്യവാങ്മൂലത്തിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരും. സാക്ഷ്യപത്രം നൽകാനുള്ള ശേഷിയില്ലാത്തതുകൊണ്ട് അടുത്തമാസം മുതൽ നൂറുകണക്കിന് യഥാർത്ഥ ഗുണഭോക്താക്കൾ പദ്ധതിക്ക് പുറത്താകാനാണ് സാധ്യത. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതുസംബന്ധിച്ച അറിയിപ്പുകൾ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീക്കുന്നുണ്ട്. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്. യുവതികളായ വിധവകൾ പുനർവിവാഹം കഴിച്ചോയെന്ന് അന്വേഷിക്കുന്നത് യുക്തമാണ്. എന്നാൽ പരസഹായമില്ലാതെ എണീറ്റുനടക്കാൻ പോലും ശേഷിയില്ലാത്തവരോടും അതേ സമീപനം സ്വീകരിക്കുന്നത് കടുത്ത അനീതിയാണെന്ന് ആരോപിച്ച് വിധവ -വയോജന ക്ഷേമസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.