പീരമേട്: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തൻപാറ മലനിരകളിൽ തീ പടർന്നു പിടിച്ചു ഹെക്ടർ കണക്കിനു മൊട്ടക്കുന്നുകൾ കത്തിനശിച്ചു. ഏഴു മലനിരകൾ പൂർണമായും കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് മലനിരകളിൽ തീ പടർന്നുപിടിച്ചത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പീരമേട്ടിൽ നിന്ന് അഗ്നിശമന സേനയുടെ യൂണിറ്റ് എത്തിയെങ്കിലും ചെങ്കുത്തായ പ്രദേശമായതിനാൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് മലഞ്ചെരുവിലേയ്ക്ക് വാഹനങ്ങൾ എത്തിക്കുന്നതിനായില്ല. ശക്തമായ കാറ്റു വീശുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിൽ തീ പടർന്നു പിടിച്ചു. കൂടുതൽ മൊട്ടക്കുന്നുകളിലേക്ക് തീ പടർന്നു പിടിക്കാതിരിക്കാൻ അഗ്നിശമന സേന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ദിവസങ്ങൾക്ക് മുമ്പും പരുന്തൻപാറയിൽ കാട്ടുതീ പടർന്ന് അഞ്ച് ഏക്കർ വനഭൂമി കത്തി നശിച്ചിരുന്നു. കനത്ത കാറ്റു വീശുന്നതിനാൽ മൊട്ടക്കുന്നായ മേഖലയിൽ തീ അതിവേഗം വ്യാപിച്ചു. പീരുമേട് അഗ്നിശമന സേന സ്റ്റേഷൻ ഓഫീസറായ ജോണച്ചൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജഹാൻ ലീഡിംഗ് ഫയർമാൻ കെ.എം.രവി, ഫയർമാരായ ഗോപൻ. ജി, പ്രദോഷ് ചന്ദ്രൻ, അനൂപ്, അനുമോൻ എം.ഐ എന്നിവരടങ്ങിയ സംഘം ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വാഹനങ്ങൾ എത്തിപ്പെടാൻ കഴിയാത്ത പ്രദേശങ്ങളിൽ തീ അണയ്ക്കാനായില്ല.