ഇടുക്കി: ദേവികുളം സബ് കളക്‌ടർ രേണു രാജിനെ എസ്. രാജേന്ദ്രൻ എം.എൽ.എ അധിക്ഷേപിച്ച സംഭവത്തിൽ വിവാദം തുടരവേ, കെട്ടിട നിർമിതിക്ക് ജില്ലാ പ്ളാനിംഗ് കമ്മിറ്റിയുടെ (ഡി.പി.സി) അംഗീകാരമുള്ളതുകൊണ്ട് ജില്ലാ കളക്ടറുടെ എൻ.ഒ.സി ആവശ്യമില്ലെന്ന പഞ്ചായത്തിന്റെ വാദം കഴമ്പില്ലാത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ഉണ്ടെങ്കിലും മറ്റു മാനദണ്ഡങ്ങളെല്ലാം പാലിച്ചു മാത്രമെ നിർമ്മാണ പ്രവർത്തനം നടത്താൻ പാടുള്ളുവെന്ന് ഡി.പി.സി അദ്ധ്യക്ഷ കൂടിയായ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും കമ്മിറ്റിയിലെ സർക്കാർ പ്രതിനിധി ജി. ഹരിദാസും പറഞ്ഞു. പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നതിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ, നീതിയുക്തമായാണോ പണം ചെലവഴിക്കുന്നത്, പദ്ധതിയുടെ പ്രയോജനം നിർദ്ദിഷ്ട വിഭാഗങ്ങൾക്കു ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഡി.പി.സി പരിഗണിക്കുന്നത്.
പുതിയ കെട്ടിടങ്ങൾ നിർമിക്കേണ്ട പദ്ധതിയാണെങ്കിൽ അതിനുള്ള സ്ഥലം സംബന്ധിച്ച വിശദാംശങ്ങൾ പദ്ധതി രേഖയ്‌ക്കൊപ്പം നൽകണം. മൂന്നാറിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ കാര്യത്തിൽ സ്ഥലം പഞ്ചായത്തിന്റെ സ്വന്തമാണെന്നാണ് പദ്ധതി രേഖയിൽ കാണിച്ചിരുന്നത്. അതിനാൽ കൂടുതൽ പരിശോധന ആവശ്യമില്ല. സ്വകാര്യവ്യക്തിയിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ വാങ്ങിയ സ്ഥലമാണെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും.
ഡി.പി.സി അംഗീകരിച്ച പദ്ധതികളുടെ തുടർ നടപടികളുടെ പൂർണ ഉത്തരവാദിത്തം നിർവഹണ ഉദ്യോഗസ്ഥർക്കാണ്. മൂന്നാറിലെ വിവാദ വിഷയത്തിൽ പഞ്ചായത്ത് അസി. എൻജിനീയറാണ് നിർവഹണ ഉദ്യോഗസ്ഥൻ. മുതിരപ്പുഴ ആറിന്റെ തീരത്ത് നിർമ്മാണം നിരോധിച്ചിട്ടുള്ള കാര്യം പരിശോധിക്കുകയും ജില്ലാ കളക്ടറിൽ നിന്ന് മുൻകൂർ അനുമതി വാങ്ങുകയും ചെയ്യണമായിരുന്നു. സംഭവം വിവാദമായപ്പൾ ഉത്തരവാദിത്വം ഡി.പി.സി യുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും, മൂന്നാർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതികളുടെ നടത്തിപ്പിൽ ഡി.പി.സിയുടെ പങ്കിനെക്കുറിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും നോട്ടീസ് നൽകുമെന്നും ഹരിദാസ് കേരളകൗമുദിയോട് പറഞ്ഞു.