മറയൂർ: ചന്ദന ഇ- ലേലത്തിൽ 17.92 ടൺ ചന്ദനം നികുതിയടക്കം 20.90 കോടി രൂപയ്ക്ക് വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ ലേലത്തിൽ വച്ചിരുന്ന ക്ലാസ് 6 വിഭാഗത്തിൽപ്പെടുന്ന ബാഗ്ദാദ് ചന്ദനം 10 ടൺ മുഴുവനും വിറ്റുപോയി. ആദ്യമായിട്ടാണ് ക്ലാസ് 6 വിഭാഗത്തിൽപ്പെടുന്ന ബാഗ്രദാദ് ചന്ദനം പൂർണമായും വിറ്റഴിക്കപ്പെടുന്നത്. ഈ ഇനത്തിന് നികുതിയടക്കം 13,982 രൂപ ശരാശരി വില ലഭിച്ചു. ഏറ്റവും കൂടുതൽ വില ലഭിച്ചത് ക്ലാസ് രണ്ടിൽപ്പെട്ട ചൈനബുദ് ചന്ദനത്തിനാണ്. ഒരു കിലോ ചന്ദനത്തിന് 18,936 രൂപ വില ലഭിച്ചു. ഒന്നാം ക്ലാസ് വിഭാഗത്തിൽപ്പെടുന്ന ചന്ദന വേരുകൾ (1.2 ടൺ) ഒന്നും വിറ്റഴിച്ചില്ല. രണ്ടാം ക്ലാസ് (403 കിലോ) ചന്ദന വേരുകളും മൂന്നാം ക്ലാസ് (380 കിലോ) ചന്ദന വേരുകളും മുഴുവൻ വിറ്റഴിച്ചു. ഒമ്പത് സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. കർണ്ണാടക സോപ്സ് ആന്റ് ഡിറ്റർജെന്റ് കമ്പനിയാണ് ഇത്തവണയും കൂടുതൽ ചന്ദനം ലേലത്തിൽ പിടിച്ചത്. 11.748 ടൺ ചന്ദനം നികുതിയടക്കം 16.03 കോടി രൂപയ്ക്ക് ഇവർ വാങ്ങി. തൃശൂർ ഔഷധി, കർണ്ണാടക ഹാൻഡി ക്രാഫ്റ്റ്‌സ്, മുളികുളങ്ങര കളരിക്കൽ ഭഗവതി ദേവസ്വം, തൃശൂർ ശ്രീസീതാരാമസ്വാമി ക്ഷേത്രം, മൂന്നാർ കെ.എഫ്.ഡി.സി, അഡാർച്ചെ ട്രസ്റ്റ്, എറണാകുളം അംബുജ സെന്റർ എന്നീ സ്ഥാപനങ്ങളാണ് ചന്ദനം ലേലത്തിൽ പിടിച്ചത്. ജനുവരി ഒമ്പതിന് നടക്കേണ്ടിയിരുന്ന ലേലം ദേശീയ പണിമുടക്കിനെ തുടർന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജനുവരി 10ന് 29.4 ടൺ ചന്ദനം 28.24 കോടി രൂപക്ക് വിറ്റിരുന്നു.