ഇടുക്കി: കൃഷിവകുപ്പ്, ആത്മ കൃഷി വിജ്ഞാനകേന്ദ്രം എന്നിവ സംയുക്തമായി നടത്തുന്ന ജില്ലാ കാർഷികമേള അടിമാലിയിൽ 14ന് രാവിലെ 9.30ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജോയ്സ് ജോർജ്ജ് എം.പി, ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടർ എന്നിവർ പങ്കെടുക്കും. കാർഷിക മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല അവാർഡ് ദാനം കൃഷിമന്ത്രി നിർവഹിക്കും. കാർഷിക പ്രദർശന ഉദ്ഘാടനം ജോയ്സ് ജോർജ്ജ് എം.പിയും കാർഷിക കർമ്മസേന ജില്ലാതല ഉദ്ഘാടനവും അഗ്രോ സർവ്വീസ് സെന്റർ ആനുകൂല്യ വിതരണവും എസ്. രാജേന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും. വിള ആരോഗ്യ ക്ലിനിക്കിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. ആത്മ പദ്ധതികളുടെ ആനുകൂല്യ വിതരണം ഉദ്ഘാടനം ജില്ലാകളക്ടർ കെ. ജീവൻബാബു നിർവ്വഹിക്കും. മേളയോടനുബന്ധിച്ച് പ്രീ-റാബി ക്യാമ്പയിൻ, നൂതന കാർഷിക സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന കാർഷിക പ്രദർശനം, കാർഷിക സെമിനാറുകൾ, കർഷക-ശാസ്ത്രജ്ഞ- മുഖാമുഖം, മണ്ണ് പരിശോധന ക്യാമ്പയിൻ, കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ദാനം, വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും ഉത്പാദനോപാധികളുടെയും പ്രദർശനം 14, 15 തീയതികളിലായി പഞ്ചായത്ത് അങ്കണത്തിൽ നടക്കും. വിവിധ വിഷയങ്ങളിൽ വിദഗ്‌ദ്ധർ പങ്കെടുക്കുന്ന സെമിനാറുമുണ്ടാകും.