ഇടുക്കി: സംസ്ഥാന പട്ടികവർഗ വികസന വകുപ്പും എത്തിയോസ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് എക്സലൻസും ചേർന്ന് നടത്തുന്ന സൗജന്യ ഹൗസ് കീപ്പിംഗ് (യുവാക്കൾക്ക് മാത്രം, യോഗ്യത എസ്.എസ്.എൽ.സി) ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്, ഫുഡ് പ്രൊഡക്ഷൻ, ഗ്രാഫിക് ആൻഡ് വെബ് ഡിസൈൻ എന്നീ കോഴ്സുകളിലേയ്ക്ക് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18നും 25നും മദ്ധ്യേ പ്രായമുള്ളവരും കുറഞ്ഞത് എസ്.എസ്.എൽ.സി/ പ്ലസ് ടു യോഗ്യതയുള്ളവരുമായ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീസ്, യൂണിഫോം, ഭക്ഷണം, താമസസൗകര്യം എന്നിവ പട്ടികവർഗ വികസന വകുപ്പ് വഹിക്കും. അഭിരുചി നിർണയ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ജില്ലാ പട്ടികവർഗ വികസന ഓഫീസുമായി ബന്ധപ്പെടണം. അവസാന തീയതി 15. ഫോൺ: 04862 222399.
അപേക്ഷ ക്ഷണിച്ചു
ഇടുക്കി: പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിൽ കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന പീരുമേട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ (തമിഴ് മീഡിയം) 2019-20 അദ്ധ്യയന വർഷം അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി പട്ടികജാതി മറ്റിതര വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റിൽ 10ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർ തമിഴ് മീഡിയം സ്കൂളിൽ പഠിക്കുന്നവരും അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 10,000 രൂപയോ അതിൽ താഴെയോ ആയിരിക്കണം. അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, കുടുംബ വാർഷിക വരുമാനം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിക്കുന്ന ക്ലാസും ജനന തീയതിയും തെളിയിക്കുന്നതിന് ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രവും ഹാജരാക്കണം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. അപേക്ഷാ ഫോമിന്റെ മാതൃക ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസുകൾ, ഗവ. എം.ആർ.എസ് പീരുമേട് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പ്രവേശനത്തിനായി 28ന് അഞ്ചിനകം ഹെഡ്മാസ്റ്റർ, ഗവ.എം ആർ എസ് പീരുമേട്, കുട്ടിക്കാനം പി.ഒ 685531 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 04869 233642.
ഏകദിന ശിൽപ്പശാല നാളെ
ഇടുക്കി: ഹരിത കേരളം മിഷന്റെ കൃഷി മാർഗ രേഖ സംബന്ധിച്ച ഏകദിന ശിൽപ്പശാല- 'സുജലം സുഭലം' നാളെ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും. നെൽക്കൃഷി വ്യാപനം, പച്ചക്കറി കൃഷി വ്യാപനം, സംയോജിത കൃഷി, പദ്ധതി സംയോജനം എന്നീ വിഷയങ്ങളാണ് ശില്പശാലയിൽ ഉൾപ്പെടുത്തിട്ടുള്ളതെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.ജി .എസ്. മധു അറിയിച്ചു.
അഭിഭാഷകർക്ക് ധനസഹായം
ഇടുക്കി: സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ട ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള കേരള ബാർ കൗൺസിലിൽ 2017 ജൂലൈ ഒന്നിനും 2018 ഡിസംബർ 31നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നൽകുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറവും അനുബന്ധരേഖകളും 16നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസിൽ നേരിട്ടോ തപാൽമാർഗമോ സമർപ്പിക്കണം. ഫോൺ 0484 2429130.
ക്വട്ടേഷൻ ക്ഷണിച്ചു
ഇടുക്കി: പീരുമേട് ട്രൈബൽ എക്സറ്റൻഷൻ ഓഫീസിന്റെ പ്രവർത്തന പരിധിയിലുള്ള വണ്ടിപ്പെരിയാർ വാളാർഡി ട്രൈബൽ കോളനിയിൽ ഐ.എസ്.ഐ നിലവാരവും 500 ലിറ്റർ സംഭരണശേഷിയുമുള്ള പി.വി.സി കുടിവെള്ള ടാങ്ക് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ മുദ്രവച്ച ക്വട്ടേഷൻ നാളെ ഉച്ചയ്ക്ക് രണ്ടിന് മുമ്പായി പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ലഭ്യമാക്കണം.ഫോൺ: 9496070357.
ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ്
ഇടുക്കി: സർവോദയ പക്ഷം പ്രമാണിച്ച ഖാദി കോട്ടൺ തുണിത്തരങ്ങൾക്ക് 16 വരെ 30 ശതമാനം ഗവ. റിബേറ്റ് അനുവദിക്കും. ഖാദി ബോർഡ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.