മുട്ടം: മലങ്കര ഡാം നിർമ്മിച്ച 13 തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസം ചുവപ്പ് നാടയിൽ കുരുങ്ങി. തൊഴിലാളികളിൽ ചിലർക്ക് മറ്റ് സ്ഥലങ്ങളിൽ വാസയോഗ്യമായ വീടും സ്ഥലവും ഉണ്ടെന്ന് കളക്ടർക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് ഇവരുടെ പുനരധിവാസം അനിശ്ചിതത്വത്തിലായത്. 13 കുടുംബങ്ങൾക്ക് സ്ഥലവും വാസയോഗ്യമായ വീടും നൽകാൻ വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഭരണപരമായ തീരുമാനം എടുത്തിരുന്നു. മാറിമാറി വന്ന സർക്കാരുകൾ താത്പര്യമെടുക്കാത്തതിനാൽ ഇത് മുന്നോട്ട് പോയില്ല. ഇതിനിടെ മുട്ടം പഞ്ചായത്ത്‌ മുൻ ഭരണ സമിതി ഇവർക്ക് ഇടപ്പള്ളി ഭാഗത്ത് സ്ഥലം അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് തടസപ്പെട്ടു. എന്നാൽ മലങ്കര ടൂറിസം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇവരുടെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കേണ്ട സാഹചര്യമുണ്ടായി. തുടർന്ന് കുപ്പിവെള്ള ഫാക്ടറിക്ക് സമീപം സ്ഥലം അനുവദിക്കാൻ തീരുമാനിച്ചു. സ്ഥലത്തിന് പട്ടയം നൽകാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. പട്ടയം വാങ്ങാനായി കട്ടപ്പനയിൽ നടന്ന പട്ടയ മേളയ്ക്ക് ഇവർ തിരിച്ചതാണ്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പട്ടയം നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇവർ യാത്ര പതിവഴിയിൽ അവസാനിപ്പിച്ചു തിരികെ പോന്നു. സ്ഥലം അനുവദിച്ചവരിൽ ചിലർക്ക് മറ്റിടങ്ങളിൽ വീടും സ്ഥലവും ഉണ്ടെന്ന് കളക്ടർക്ക് പരാതി ലഭിച്ചതിനാൽ കഴിഞ്ഞ ജനുവരിയിൽ നടന്ന പട്ടയമേളയിലും ഇവർ അവഗണിക്കപ്പെട്ടു. പരാതിയെ തുടർന്ന് അന്വേഷണം നടത്താൻ വിവിധ പഞ്ചായത്തുകൾക്കും വില്ലേജ് ഓഫീസുകൾക്കും എം.വി.ഐ.പി അധികൃതർക്കും കളക്ടർ നിർദ്ദേശം നൽകി. അന്വേഷണം പൂർത്തിയാകുന്നത് വരെ പട്ടയ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്.

കിടപ്പാടമില്ലാതെ 13 കുടുംബങ്ങൾ

മലങ്കര ഡാം നിർമ്മിക്കാനായി വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ തൊഴിലാളികൾക്ക് സ്ഥലവും വീടും നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. സംസ്ഥാനത്തിന്റെ പുറത്ത് നിന്നടക്കം തൊഴിലാളികൾ ഡാമിന്റെ നിർമ്മാണത്തിനായി എത്തിയിരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെ കുടുബസമേതമെത്തി താമസിച്ചാണ് ജോലികൾ ചെയ്തിരുന്നത്. ഡാമിന്റെ നിർമ്മാണം പൂർത്തിയായതോടെ ഭൂരിഭാഗം തൊഴിലാളികളും ഇവിടെ നിന്ന് പോയെങ്കിലും ഏതാനും കുടുംബക്കാർ മാത്രം ഡാമിന് സമീപത്തായി കുടിൽകെട്ടി താമസം ആരംഭിച്ചു. ഇതിൽ അവശേഷിക്കുന്ന 13 കുടുംബങ്ങളാണ് ഡാമിന് സമീപം സർക്കാരിന്റെ കനിവ് കാത്ത് കിടക്കുന്നത്.