മൂലമറ്റം: കുളമാവിന് സമീപം നാടുകാണി വനമേഖലയിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വനത്തിന്റെ ഉൾമേഖലയിലുണ്ടായ കാട്ടുതീ റോഡരികിലേക്ക് പടർന്നത്. നാടുകാണി ഭാഗത്ത് നിന്ന് കുളമാവ് ഗ്രീൻബർഗ് റിസോർട്ടിന്റെ ഭാഗത്തേക്ക് തീ പടർന്നു. രാത്രി വൈകിയും തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനായില്ല. മൂലമറ്റം അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തീ പടരുന്നത് തടയാനുള്ള ശ്രമം തുടരുകയാണ്. വേണ്ട രീതിയിൽ ഫയർ ലൈൻ തെളിക്കാത്തതാണ് തീ പടരാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. തീ അണയ്ക്കാൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് അഗ്നിരക്ഷാ സേനയെയും വലയ്ക്കുകയാണ്.