തൊടുപുഴ : എസ്. രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ രേഖകളിൽ തുടർപരിശോധന നടത്തിയപ്പോൾ മൂന്നാർ വില്ലേജാഫീസിൽ ഇതുസംബന്ധിച്ച് യാതൊരു രേഖകളുമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സർക്കാരിലേക്ക് കണ്ട് കെട്ടണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. വൈദ്യുതി ബോർഡിന്റെ ഭൂമി കൈയേറിയാണ് എം.എൽ.എ വീട് നിർമ്മിച്ചതെന്ന പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരണം. എം.എൽ.എയുടെ വീടിന് സമീപമുള്ള സി.പി.എം നേതാവിന്റെ അനധികൃത മണ്ണെടുപ്പിനെതിരെയും നടപടി എടുക്കണം. സി.പി.എമ്മിന്റെ ഒരു ഡസൻ നേതാക്കൾക്ക് ഈ മേഖലയിൽ കൈയേറ്റ ഭൂമിയുണ്ട്. മൂന്നാറിലെ ഭൂമി സംബന്ധമായി പ്രത്യേക സർക്കാർ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം കഴിഞ്ഞ രണ്ടരവർഷക്കാലമായി നടപ്പാക്കാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടറെ പൊതുമദ്ധ്യത്തിൽ അവഹേളിച്ച എസ്. രാജേന്ദ്രൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.