തൊടുപുഴ: അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ജോയ്സ്‌ ജോർജ് എം.പി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം അസത്യപഞ്ചാംഗമാണെന്ന് പി.ടി. തോമസ് എം.എൽ.എ തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസനത്തിന്റെ പേരിൽ മേനി നടിക്കുന്ന എം.പിയുടെ ഭാഗത്ത് നിന്ന് കർഷക ആത്മഹത്യകൾ തടയാനായി ഒന്നും ചെയ്തിട്ടില്ല. യു.പി.എ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ തന്റേതാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് എം.പി നടത്തുന്നത്. അടിമാലി കുമളി- ദേശീയപാതയും കൊല്ലം കുമളി- ദിണ്ടിഗൽ റോഡ് നാഷണൽ ഹൈവേയും ഏറ്റെടുത്തത് തന്റെ കാലത്താണെന്നാണ് എം.പി പറയുന്നത്. ഈ രണ്ട് റോഡുകളും യു.പി.എ ഗവ. അധികാരത്തിലിരുന്നപ്പോൾ നാഷണൽ ഹൈവേ ഏറ്റെടുത്തിട്ടുള്ളതാണ്. ഇതടക്കം എം.പി അവകാശപ്പെടുന്ന 90 ശതമാനം കാര്യങ്ങളും പച്ചക്കള്ളമാണ്. 10 വർഷം ഫ്രാൻസിസ്‌ ജോർജ്ജും അഞ്ച് വർഷം എം.എം.ലോറൻസും എം.പിയായിരുന്നപ്പോൾ ഇടുക്കിയിൽ വികസനപ്രവർത്തനങ്ങളൊന്നും നടത്തിയില്ലെന്നാണോ ജോയ്സ്‌ പറയുന്നത്. എം.പിയുടെ പുസ്തകത്തിലുള്ള വണ്ടിപ്പെരിയാർ പാലം, കല്ലാർ പാലം, മൂന്നാറിലെ പാലങ്ങൾ എല്ലാം താൻ എം.പിയായിരുന്ന കാലത്ത് ടെണ്ടർ ചെയ്യുകയോ പണി ആരംഭിക്കുകയോ ചെയ്തിട്ടുള്ളതാണ്. ജോയ്സിന്റെ കാലത്ത് സർക്കാർ ഓഫീസുകൾ നിരന്തരമായി അടച്ചു പൂട്ടി. റെയിൽവേ ബുക്കിംഗ് ഓഫീസ് നാലെണ്ണമുണ്ടായിരുന്നതിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. സ്‌പൈസസ്‌ ബോർഡിന്റെ 16 ഓഫീസുകൾ പൂട്ടി. ഏലം കർഷകർക്ക് 464 കോടി രൂപയുടെ ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുത്തുവെന്നാണ് എം.പിയുടെ അവകാശവാദം. വിവരാവകാശരേഖ അനുസരിച്ച് 2014 മുതൽ 2018 വരെ ആകെ 27കോടി രൂപയാണ് ഏലം കർഷകർക്ക് അനുവദിച്ചിട്ടുള്ളത്. തമിഴ് സിനിമാനടന്മാരെ വെല്ലുന്ന കൂറ്റൻ കട്ടൗട്ടുകൾ ജില്ലയിലുടനീളം സ്ഥാപിച്ചാൽ വികസനമാവില്ല. ഇതു തിരിച്ചറിയാൻ ജില്ലയിലെ ജനങ്ങൾക്കാകുമെന്നും അദ്ദേഹം പറഞ്ഞു. ജോൺ നെടിയപാല, എൻ.ഐ. ബെന്നി, മനോജ്‌ കോക്കാട്ട്, ബിജോ മാണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.