അടിമാലി: അനുമതിയില്ലാത്തതിന്റെ പേരിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ദൗത്യസംഘം പൊളിച്ചു നീക്കി. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്ത് ഇരുട്ടുകാനത്തിന് സമീപം നിർമിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് ആനവിരട്ടി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആനവിരട്ടി വില്ലേജ് ഓഫീസർ സുനിൽ കെ. പോളിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ദേശീയപാതയോരത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിച്ച് നീക്കാനെത്തിയത്. അടിമാലി സ്വദേശി ഇസ്മയിൽ പരീത് റാവുത്തർ എന്നയാളുടെ ഉടമസ്ഥയിലുള്ള ഭൂമിയിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്. ഈ ഭൂമി ഏലപ്പുരയിടം വിഭാഗത്തിൽപ്പെടുന്നതാണെന്ന് വില്ലേജ് ഓഫീസർ സുനിൽ കെ. പോൾ പറഞ്ഞു. റവന്യൂവകുപ്പിന്റെ എൻ.ഒ.സിയോ പഞ്ചായത്തിന്റെ ബിൽഡിംഗ് പെർമിറ്റോ ഇല്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്. ദേവികുളം സബ്‌കളക്ടറിന്റെ നിർദ്ദേശപ്രകാരമാണ് ഒഴിപ്പിക്കൽ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പൊളിച്ച് മാറ്റിയ കെട്ടിടത്തിന് സമീപം മറ്റ് രണ്ട് കെട്ടിടങ്ങൾ കൂടി ഉടമസ്ഥൻ നിർമ്മിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന് പഞ്ചായത്ത് നൽകിയ ബിൽഡിംഗ് പെർമിറ്റ് കാലാവധി അവസാനിച്ചെന്നും ഈ രേഖ മറയാക്കിയായിരുന്നു പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നതെന്നും റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. ഏലപ്പുരയിടത്തിൽ കൃഷിയല്ലാതെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ചട്ടം സ്ഥലമുടമ മറികടന്നതായും ദൗത്യസംഘം അറിയിച്ചു. മേൽക്കൂര നിർമ്മിക്കാൻ തയ്യാറാക്കി വന്നിരുന്ന തൂണുകളാണ് ദൗത്യസംഘം പൊളിച്ചു നീക്കിയത്.