ഇടുക്കി : സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷ പരിപാടികൾ ഈ മാസം 20 മുതൽ 27 വരെ ജില്ലയിൽ നടക്കും. ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന വിപണനമേള 21 മുതൽ 27 വരെ ഇടുക്കി പഞ്ചായത്ത് (ഐ.ഡി.എ) ഗ്രൗണ്ടിൽ നടക്കും. ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക റാലിയും പൊതുസമ്മേളനവും 20ന് വൈകിട്ട് അഞ്ചിന് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 200ഓളം വികസന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും പൂർത്തിയാക്കിയ പദ്ധതികളുടെ സമർപ്പണവും നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ നടക്കും. ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ വികസന സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശന വിപണനമേളയിൽ വിവിധ വകുപ്പുകളുടെ 80 സ്റ്റാളുകൾ ഉണ്ടാകും. ജില്ലാതലത്തിലും നിയമസഭാ നിയോജകമണ്ഡലാടിസ്ഥാനത്തിലും രൂപീകരിച്ച സംഘാടക സമിതികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുകയാണ്.