ഇടുക്കി : തോട്ടം തൊഴിലാളികൾക്ക് മനോഹരമായ കൊച്ചുവീടുകൾ വെച്ചു നൽകാനൊരുങ്ങുകയാണ് തൊഴിൽ നൈപുണ്യ വകുപ്പ്. ഇടുക്കി ജില്ലയിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്കായി നൂറോളം വീടുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. മൂന്നാറിലെ കുറ്റിയാർ വാലിയിൽ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി.
സുരക്ഷിതവും ശുചിത്വവുമുള്ള ഒരു വീടെന്ന തോട്ടം തൊഴിലാളികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിയുന്നത്.
ഭവനം ഫൗണ്ടേഷൻ 4.88 ലക്ഷംരൂപ ചെലവിൽ 400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെറസ് വീടുകളാണ് നിർമ്മിക്കുന്നത്.ആദ്യഘട്ടത്തിൽ ദേവികുളത്തെ കെ. ഡി. എച്ച് വില്ലേജിൽ നൂറു വീടുകൾ നിർമിക്കും. തുടർന്ന് സംസ്ഥാനത്തെ മുഴുവൻ തോട്ടം മേഖലയിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതരായ തോട്ടം തൊഴിലാളികൾക്കായി രണ്ട് മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും അടങ്ങിയ വീടുകളാണ് ഫെഡറേഷൻ ഒഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ ധനസഹായത്തോടെ ഭവനം ഫൗണ്ടേഷൻ നിർമിക്കുന്നത്. സർക്കാർഅംഗീകൃത ഏജൻസിയായ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് നിർമ്മാണചുമതല.