jj
മാലിന്യ ടാങ്കിൽ അകപ്പെട്ട കുട്ടിയാന

കുമളി: പെരിയാർ കടുവാസങ്കേതത്തിൽ മാലിന്യ ടാങ്കിൽ അകപ്പെട്ട കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തേക്കടിയിൽ വനത്തിൽ പ്രവർത്തിക്കുന്ന കെ.ടി.ഡി.സിയുടെ ഹോട്ടലായ പെരിയാർ ഹൗസിന് മുൻവശത്തുള്ള പത്ത് അടി താഴ്ചയുള്ള സിമന്റ് ടാങ്കിലേക്ക് മൂടി തകർന്ന് വീഴുകയായിരുന്നു. ടാങ്കിൽ മലിനജലം നിറഞ്ഞിരുന്നു. പിടിയാനയും രണ്ട് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. മൂത്ത ആനക്കുട്ടിയാണ് ടാങ്കിലകപ്പെട്ടത്. മൂത്ത കൂട്ടി അപകടത്തിൽപ്പെട്ടതോടെ തള്ളയാനയും രണ്ട് വയസുള്ള കുട്ടിയും പരിഭ്രാന്തരായി. പുലർച്ചയോടെ വനപാലകർ വിവരമറിഞ്ഞെങ്കിലും വളരെ വൈകിയാണ് രക്ഷാപ്രവർത്തനത്തിന് എത്തിയതെന്ന ആക്ഷേപം ശക്തമാണ്. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ ടാങ്കിൽ നിന്ന് രക്ഷപ്പെടുത്തി. ടാങ്കിൽ അകപ്പെട്ടങ്കിലും കുട്ടിയാന സ്വയം കരകയറാൻ നടത്തിയ ശ്രമം വിജയിച്ചില്ല. മലിന ജലമാണെങ്കിലും വെള്ളമായതിനാൽ കരകയറും വരെ നീരാടി രസിച്ച ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്.