മറയൂർ: കാന്തല്ലൂർ മലനിരകളെ ലോക ടൂറിസം ഭൂപടത്തിൽ എത്തിക്കാൻ കാന്തല്ലൂരിൽ പെപ്പർ ടൂറിസം പദ്ധതിക്ക് തുടക്കമായി. കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന പെപ്പർ ടൂറിസം ( പീപ്പിൾസ് പാർട്ടി സിപ്പേഷൻ ഫോർ പ്ലാനിംഗ് ആന്റ് എംപവർമെന്റ് ത്രൂ റെസ്‌പോൺസിബിൾ ടൂറിസം) പദ്ധതിയിൽ ജില്ലയിൽ നിന്ന് കാന്തല്ലൂർ പഞ്ചായത്തിനെയും ഉൾപ്പെടുത്തിയിരുന്നു. ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനും അതിലൂടെ പ്രാദേശികമായ കലയും സംസ്‌കാരവും തൊഴിലും നാടിന്റെ പ്രകൃതി ഭംഗിയും ലോക ശ്രദ്ധയാകർഷിക്കുന്ന വിധത്തിലുള്ള ടൂറിസം ഉത്പന്നങ്ങളാക്കി മാറ്റുന്നതാണ് പെപ്പർ ടൂറിസം പദ്ധതി.
കാഴ്ചകളിലെ വൈവിധ്യമാണ് കാന്തല്ലൂരിന്റെ പ്രധാന ആകർഷണം. തണുത്തുറഞ്ഞ കാലാവസ്ഥയാണ് പ്രധാനം. കേരളത്തിൽ ആപ്പിളും ബ്ലാക്ക്‌ബെറിയും വിളയുന്ന ഏക പ്രദേശം. ശീതകാല പച്ചക്കറി, പഴവർഗ്ഗങ്ങൾ, കരിമ്പിൻ പാടങ്ങൾ, നെൽപാടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, അങ്ങനെ നീളുന്നു കാന്തല്ലൂർ കാഴ്ചകൾ. പദ്ധതി നടപ്പിലാകുന്നതോടെ കാന്തല്ലൂരിനെ ഇന്ത്യയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഇന്നലെ കാന്തല്ലൂർ പഞ്ചായത്ത് ഹാളിൽ നടന്ന ടൂറിസം സ്‌പെഷ്യൽ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബേബി ശക്തിവേൽ മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഹാലക്ഷ്മി ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ആർ.ടി. മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ പദ്ധതി അവതരിപ്പിച്ചു. തേക്കടി ഡെസ്റ്റിനേഷൻ കോർഡിനേറ്റർ മഹേഷ്. പി ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി സാബു. സി. ജെ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അനീഷ് വിജയൻ, രേവതി രവീന്ദ്രൻ, പഞ്ചായത്തംഗങ്ങൾ, വി. സിജിമോൻ എന്നിവർ സംസാരിച്ചു.