പീരുമേട്: വാഗമൺ വഴിക്കടവിന് സമീപത്തുണ്ടായ തീപിടിത്തത്തിൽ നാലേക്കറിലധികം ഭൂമിയിലെ തേയില കൃഷി കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ആരംഭിച്ച തീപിടിത്തത്തിൽ ചക്കാലയ്ക്കൽ തോമസ് ജോസഫ്, പുതുവീട്ടിൽ സുരേന്ദ്രൻ, വിന്റർവാലി റിസോർട്ട് എന്നിവരുടെ ഭൂമിയിലെ തേയില ചെടികളാണ് അഗ്നിക്കിരയായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനയുടെ മൂന്നു യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയത്. കനത്ത വെയിലിൽ ഉണങ്ങി നിന്നിരുന്ന പുല്ലുകൾക്ക് തീ പടർന്നു പിടിച്ചതാണ് കൂടുതൽ പ്രദേശങ്ങൾ കത്തിനശിക്കാൻ കാരണമായത്. കാറ്റും തീ പടരുന്നതിന് ആക്കം കൂട്ടി. രാവിലെ മുതൽ പ്രദേശവാസികൾ ചേർന്ന് പരിശ്രമിച്ചെങ്കിലും തീ അണയ്ക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഈരാറ്റുപേട്ട, പീരുമേട് ഫയര്‍‌സ്റ്റേഷനുകളിലെ മൂന്ന് യൂണിറ്റ് വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണവധേയമാക്കിയത്. സമീപത്ത് തന്നെയുള്ള അംഗൻവാടിയ്ക്ക് തൊട്ടടുത്ത് വരെ തീ പടർന്നെത്തി. തീ പടർന്ന മേഖലകളിൽ മറ്റ് കൃഷികൾ അധികമില്ലാത്തതിനാൽ അധികം നഷ്ടമുണ്ടായില്ല.