kk
കാട്ടാന തകർത്ത കൃഷിയിടം

വണ്ടിപ്പെരിയാർ: കാട്ടാനയിറങ്ങി ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ജനവാസ മേഖലയായ 63-ാം മൈൽ കൊച്ചുപുരയ്ക്കൽ മാർട്ടിന്റെ രണ്ടര ഏക്കറോളം വരുന്ന കൃഷിഭൂമിയിലാണ് ആനയിറങ്ങിയത്. വളവും ഏലയ്ക്ക എടുക്കുന്ന കുട്ട ഉൾപ്പെടെയുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഷെഡും പൂർണമായും തകർത്തെറിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയോളമായി ഈ പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവാണ്. ഇവിടെ കൃഷി ചെയ്തിരുന്ന ഏലം, കാപ്പി, തെങ്ങ്, കവുങ്ങ്, തുടങ്ങിയ കൃഷി വിളകളും ആന നശിപ്പിക്കുന്നത് പതിവാണ്. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്ത് ചില ഭാഗങ്ങളിൽ വൈദ്യുത വേലിയും കിടങ്ങും വനം വകുപ്പ് നിർമ്മിച്ചിരുന്നെങ്കിലും ഉപയോഗ ശൂന്യമായ നിലയിലാണ്. ഈ ഭാഗത്ത് കൂടിയാണ് ആന കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതെന്നാണ് ആരോപണം. കുമളി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. എന്നാൽ തുടർച്ചയായുണ്ടാവുന്ന വന്യമൃഗ ശല്യം അവസാനിപ്പിക്കാൻ പെരിയാർ കടുവാ സങ്കേതം അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തേക്കടി വനം വകുപ്പ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കർഷകർ പറഞ്ഞു.