പീരുമേട്: കുട്ടിക്കാനത്ത് തേയില ചെടികൾ പിഴുതുമാറ്റി നിർമ്മിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെയുള്ള ജനകീയ സമരം ഇന്ന് ആരംഭിക്കും. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധയോഗവും ബോധവത്കരണ സെമിനാറുമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. പരിസ്ഥിതി പ്രവർത്തകർ ജോൺ പെരുവന്താനം യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ആഷ്‌ലി കവലക്ക് സമീപം തോട്ടം മുറിച്ചുവിറ്റ രണ്ടേക്കർ സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്. പ്ലാന്റേഷൻ നിയമം മറികടന്നാണ് തോട്ടം മുറിച്ചുവിൽപ്പന നടത്തിയത്. മലയോര ഹൈവേ പണിയുന്നതിനും പ്രളയത്തിൽ തകർന്ന റോഡുകൾ പണിയുന്നതിനും ടാർ മിക്സിംഗ് പ്ലാന്റ് ആവശ്യമാണെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടം തരം മാറ്റുന്നതിനും പ്ലാന്റ് സ്ഥാപിക്കുന്നതിനും ജനുവരി 18ന് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു.
'പിന്നിൽ എം.പിയും എം.എൽ.എയും "
കുട്ടിക്കാനത്ത് തോട്ടം ഭൂമി തരം മാറ്റി ടാറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സർക്കാരിന്റെ ഉത്തരവ് ഉണ്ടാക്കിയതിന്റെ പിന്നിൽ ജോയ്സ് ജോർജും ഇ.എസ്. ബിജിമോൾ എം.എൽ.എയുമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം. എം.പിയും എം.എൽ.എയും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് പ്ലാന്റ് നിർമ്മിക്കാൻ ഉത്തരവ് ഉണ്ടായത്. ഇതിന് പ്രതിഫലമായി എം.പിയുടെ ബന്ധുവിന് വണ്ടിപ്പെരിയാർ 63-ാം മൈലിൽ പെട്രോൾ പമ്പ് നൽകിയതായും ബെന്നി പെരുവന്താനം ആരോപിച്ചു.
പഞ്ചായത്തിന്റെ അനുമതി: യു.ഡി.എഫ് അംഗങ്ങൾ എതിർക്കും
പ്ലാന്റിന്റെ നിർമാണം പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണന്ന് കുട്ടിക്കാനം വാർഡ് അംഗവും സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ബീനാമ്മ ജേക്കബ് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി പ്ലാന്റിന്റെ ഉടമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിർമ്മാണം വിവാദമായതോടെ 16ന് നടക്കുന്ന പഞ്ചായത്ത് ഭരണസമിതി വിഷയം പരിഗണിക്കും. പ്ലാന്റിന് അനുമതി നൽകുന്നതിനെ യു.ഡി.എഫ് അംഗങ്ങൾ എതിർക്കുമെന്നും ബീനാമ്മ ജേക്കബ് പറഞ്ഞു.