ചെറുതോണി: ഇടുക്കി ബ്ലോക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ഇന്ന് തിരഞ്ഞെടുക്കും. മുന്നണി ധാരണ പ്രകാരം കേരളാ കോൺഗ്രസ് എമ്മിലെ റെജി മുക്കാട്ട് പ്രസിഡന്റാകും. കോൺഗ്രസിലെ ആഗസ്തി അഴകത്ത് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. 13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ്- 5,​ കേരള കോൺഗ്രസ്- 3, സി.പി.എം- 2, ഹൈറേഞ്ച് സംരക്ഷണ സമിതി- 2, എൻ.സി.പി- 1 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസിലെ അഞ്ച് അംഗങ്ങളിൽ നാല് പേരും വനിതകളാണ്. ഇവരിൽ നിന്ന് വൈസ്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല. നാലുപേരും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ ചേരുന്ന കോൺഗ്രസ് നേതൃയോഗം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ തീരുമാനിക്കും.