ആമയാർ: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം.എൽ.എമാരുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ നടപ്പാക്കുന്ന കരുതലോടെ പദ്ധതി വണ്ടന്മേട് എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളെ എല്ലാ രംഗത്തും മികവുറ്റതാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇക്കാര്യത്തിൽ വിവിധങ്ങളായ പദ്ധതികൾക്കാണ് സർക്കാർ തുടക്കമിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ മന്ത്രി എം.എം. മണി തെരഞ്ഞെടുത്ത അഞ്ച് സ്‌കൂളുകളിൽ ഒന്നാണ് വണ്ടൻമേട് എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂൾ. പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് എം.എൽ.എമാർ ആവശ്യമായ സാമ്പത്തിക സഹായം സ്‌കൂളുകൾക്ക് അനുവദിക്കും. ചടങ്ങിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി റെജി, വൈസ്പ്രസിഡന്റി ഗിരീഷ് സി ജി, പഞ്ചായത്ത് അംഗം രേഖ എസ്, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഹനീഫ റാവുത്തർ, സെക്രട്ടറി ബാസിത് ഹസൻ, പ്രിൻസിപ്പൽ റഫീഖ് വി.കെ, പ്രധാനദ്ധ്യാപിക മായ വസുന്ധരാദേവി പങ്കെടുത്തു.