മറയൂർ: മറയൂർ കാന്തല്ലൂർ വട്ടവട മേഖലയിലെ ജനങ്ങളുടെ നിരന്തര ആവശ്യമായിരുന്ന ഗ്രാന്റീസ് മരങ്ങൾ മുറിച്ച മാറ്റുന്നതിന് സർക്കാർ ഉത്തരവ്. പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി മറയൂർ,​ കാന്തല്ലൂർ,​ കീഴാന്തൂർ,​ വട്ടവട,​ കൊട്ടാക്കൊമ്പൂർ തുടങ്ങിയ അഞ്ചു വല്ലേജുകളിൽ 2015 ഫെബ്രുവരി രണ്ട് മുതൽ സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് ഭേദഗതികളോടെ സർക്കാർ നീക്കിയത്. പ്രകൃതിക്ക് ദോഷമായ ഗ്രാന്റീസ് മരങ്ങൾ പിഴുതുമാറ്റുന്നതിന് പകരം മുറിച്ച് നീക്കുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ മുറിച്ച് നീക്കം ചെയ്യുമ്പോൾ മുളച്ചു വരുന്ന മുകുളങ്ങൾ യാന്ത്രിക മാർഗങ്ങളിലൂടെയും രാസമാർഗങ്ങളിലൂടെയും പൂർണ്ണമായും നശിപ്പിക്കണമെന്നും ഉത്തരവിൽ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. അവശേഷിക്കുന്നവ കത്തിച്ച് നശിപ്പിക്കണം. മുറിച്ച് മാറ്റുന്നിടത്ത് കൃഷിചെയ്യാവുന്ന അനുയോജ്യ വിളകൾ നിശ്ചയിക്കുന്നതിന് കൃഷി,​ വനം,​ പരിസ്ഥിതി,​ മണ്ണ് സംരക്ഷണം,​ ജലവിഭവം എന്നീ വകുപ്പുകളിൽ നിന്നുള്ള വിദഗ്ദ്ധരെയും റവന്യൂ,​ തദ്ദേശസ്വയംഭരണം, ജില്ലാ ഭരണകൂടം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം. ഗ്രാന്റീസ് മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചുനാട് മേഖലയിൽ വൻ പ്രക്ഷോഭ സമരങ്ങളാണ് നടന്നിരുന്നത്.