തൊടുപുഴ: സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മുട്ടയിട്ട് അടയിരുന്ന പെരുമ്പാമ്പിനെ പിടികൂടി. മാറിക മഠത്താൻചേരിൽ ബിനു ജോണിന്റെ പുരയിടത്തിലെ കോഴിഫാമിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. കോഴിഫാമിൽ അട്ടിയിട്ട് സൂക്ഷിച്ചിരുന്ന കോഴിവള ചാക്കുകളുടെ ഇടയിലാണ് 13 മുട്ടകളുമായി അടയിരുന്ന പെരുമ്പാമ്പിനെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ഫാമിലെ തൊഴിലാളികൾ കണ്ടെത്തിയത്. സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് മുട്ടകളും പെരുമ്പാമ്പിനെയും അറക്കുളത്തെ വനം വകുപ്പിന്റെ സെക്ഷൻ ഓഫീസിലേക്ക് മാറ്റി. സാധാരണയായി 28 മുതൽ 30 ദിവസം വരെയാണ് കുഞ്ഞുങ്ങൾ വിരിയാൻ വേണ്ട കാലയളവ്. എട്ടുദിവസം മുമ്പ് വിരിഞ്ഞ മുട്ടകളാണിവയെന്നും കുഞ്ഞുങ്ങൾ വിരിഞ്ഞുകഴിഞ്ഞാൽ ഇടുക്കി വനമേഖലയിൽ തുറന്നു വിടുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.