തൊടുപുഴ: വേനൽ കടുത്തതോടെ ഇടുക്കിയുടെ വനമേഖലകളിൽ കാട്ടുതീ വ്യാപകമാകുന്നു. രണ്ടാഴ്ചയ്ക്കിടെ ജില്ലയിലെ 40 ഇടങ്ങളിലാണ് കാട്ടുതീയുണ്ടായത്. ഏറ്റവും കൂടുതൽ തീപിടിത്തമുണ്ടായത് പീരുമേട് മേഖലയിലാണ്. ഇവിടെ രണ്ടാഴ്ചയ്ക്കിടെ പത്ത് സ്ഥലത്തും കഴിഞ്ഞ മാസം 20 ഇടത്തുമാണ് കാട്ടുതീയുണ്ടായത്. മൂന്നാർ മേഖലയിൽ 11ഉം അടിമാലിയിൽ ആറിടത്തും കാട്ടുതീയുണ്ടായി. നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് അഗ്നിക്കിരയായത്.വനമേഖലയിൽ കാട്ടുതീ പടർന്ന് പിടിക്കുമ്പോൾ പരമിതമായ സൗകര്യങ്ങൾക്കുള്ളിൽ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പായുകയാണ് ജില്ലയിലെ ഫയർഫോഴ്സ് ജീവനക്കാർ. ജില്ലയിൽ ആകെ എട്ട് ഫയർഫോഴ്സ് സ്റ്റേഷനുകളാണുള്ളത്. പലയിടത്തും ആവശ്യത്തിന് ജീവനക്കാരോ വാഹനങ്ങളോ മറ്റ് അനുബന്ധ സൗകര്യങ്ങളോയില്ല. ജില്ലാ ആസ്ഥാനത്ത് പോലും ഫയർഫോഴ്സ് വെള്ളം ശേഖരിക്കാനുള്ള ഫയർ ഹൈഡ്രന്റ് സൗകര്യമില്ല. വലിയ തീപിടിത്തമുണ്ടായാൽ മറ്റ് ജില്ലകളെയോ തമിഴ്നാടിനെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. കഴി‌ഞ്ഞ വർഷം മാർച്ചിൽ ഇടുക്കി- തമിഴ്നാട് അതിർത്തിയായ കുരങ്ങിണിയിലുണ്ടായ തീപിടിത്തത്തിൽ 23 പേരാണ് മരിച്ചത്.

14 ദിവസത്തിനിടെയുണ്ടായ കാട്ടുതീ

ഇടുക്കി- 8

കട്ടപ്പന- 6

മൂന്നാർ- 4

തൊടുപുഴ- 4

അടിമാലി- 0

മൂലമറ്റം- 6

പീരുമേട്- 10

നെടുങ്കണ്ടം- 2

ശ്രദ്ധിച്ചാൽ തടയാം

 99 ശതമാനം കാട്ടുതീയും മനുഷ്യനിർമ്മിതം

ബീഡി,​ സിഗരറ്റ് കുറ്റികൾ വലിച്ചെറിയരുത്

 വനമേഖലയിലെ കൈയേറ്റം നിരീക്ഷിക്കണം

 കൃഷിയാവശ്യത്തിന് തീയിടുന്നത് നിയന്ത്രിക്കുക

 വേനൽക്കാലത്ത് വനത്തിലേക്ക് ടൂറിസ്റ്റുകളെ കടത്തി വിടരുത്

 തീപ്പൊരിപോലും ഹൈറേഞ്ചിൽ വലിയ ആഘാതം സൃഷ്ടിക്കും

പരാധീനതകളേറെ

 ആവശ്യത്തിന് ജീവനക്കാരില്ല

പല സ്റ്റേഷനിലും സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരില്ല. നെടുങ്കണ്ടം പോലെ വനമേഖല ഏറെയുള്ള പ്രദേശത്ത് ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പരിമിതിയാണ്.

എട്ട് ഫയർമാൻ വേണ്ടിടത്ത് ആറുപേരാണുള്ളത്. കഴിഞ്ഞ ദിവസം ഇവിടെ രണ്ടിടത്ത് കാട്ടുതീയുണ്ടായി.

 ആകെയുള്ളത് ഒരു വണ്ടി

ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ഫയർഫോഴ്സിന് ആകെയുള്ളത് ഒരു വാഹനമാണ്. രണ്ടെണ്ണമുള്ളതിൽ ഒരെണ്ണം കണ്ടം വയ്ക്കാറായി. നിലവിൽ ഒരു മിനി എം.ടി.യു (മൊബൈൽ ടാങ്കർ യൂണിറ്റ്)​ മാത്രമാണുള്ളത്.

 ഫയർലൈൻ തെളിക്കാറില്ല

വനാതിർത്തിയിൽ ഫയർലൈൻ സ്ഥാപിക്കാത്തത് പ്രശ്നമാണ്. ശരാശരി 5.2 മീറ്റർ വീതിയിൽ രണ്ട് വശത്ത് നിന്നും കാടുവെട്ടി മദ്ധ്യഭാഗം കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. ഇതിനായി ലക്ഷങ്ങൾ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ഒന്നു ചെയ്യാറില്ലെന്നാണ് ആക്ഷേപം.

 തീ പിടിക്കുന്ന പല പ്രദേശങ്ങളിലും വാഹനങ്ങളെത്തില്ല. ഇത്തരം സ്ഥലങ്ങളിൽ നാട്ടുകാരുടെ സഹായത്താൽ ഫയർ ബീറ്ററും മറ്റും ഉപയോഗിച്ച് തീ കെടുത്തുകയാണ് പതിവ്. ഭൂരിഭാഗം പ്രദേശങ്ങളിലും മനുഷ്യർ തന്നെയാണ് കാട്ടുതീയ്ക്ക് പിന്നിൽ. വനംവകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും പിന്തുണയുണ്ടെങ്കിൽ ഒരു പരിധിവരെ കാട്ടുതീ തടയാനാകും.

- റെജി വി. കുര്യാക്കോസ്

(ഇടുക്കി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ)​