kk
കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അടിമാലിയിൽ ജില്ലാ കാർഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ഇടുക്കി : പ്രളയാനന്തരം വലിയ പ്രതിസന്ധി നേരിടുന്ന കർഷകരോട് ബാങ്കുകൾ സ്വീകരിക്കുന്ന സമീപനം മാറ്റണമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ. കാർഷിക വായ്പയും, കാർഷികേതര വായ്പയും എടുത്ത കർഷകരോട് ജപ്തി അടക്കമുള്ള സമ്മർദ്ദ നടപടിയെടുക്കുന്ന ബാങ്കുകളുടെ നിലപാട് തിരുത്തണമെന്നും സർക്കാർ മൊറട്ടേറിയം പ്രഖ്യാപിച്ചിട്ടും അത് കണക്കിലെടുക്കാതെ ബാങ്കുകൾ സ്വീകരിക്കുന്ന നിലപാട് നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ ശ്രമമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺഹാളിൽ നടന്ന തളിര് 2019 ജില്ലാ കാർഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയെ പുനർ നിർമ്മിക്കാനാണ് സർക്കാർ ശ്രമമെന്ന് വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ജില്ലയിലെ മികച്ച കൃഷി വകുപ്പുദ്യോഗസ്ഥർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ആത്മ പദ്ധതികളുടെ ആനുകൂല്യ വിതരണം ജില്ലാ കളക്ടർ കെ.ജീവൻ ബാബു നിർവഹിച്ചു. പഴം പച്ചക്കറികൾ സദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കൃഷി വിജ്ഞാൻ കേന്ദ്രം ശാസ്ത്രജ്ഞരായ ഡോ. ബിനു ജോൺ സാം, മഞ്ചു ജിൻസി വർഗീസ്, ഡോ. സുധാകർ എന്നിവർ വിഷയാവതരണം നടത്തി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ്, ഇടുക്കി ആത്മ പ്രൊജക്ട് ഡയറക്ടർ കെ, മീന, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആൻസി ജോൺ, ജില്ലാ കാർഷിക വികസന സമിതി അംഗം സി എ ഏലിയാസ്, കെ.വി.കെ പ്രോഗ്രാം കോ ഓർഡിനേറ്റർ ആർ.മാരിമുത്തു, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.