ഇടുക്കി : പ്രകൃതിദുരന്തത്തിനു ശേഷം ഇടുക്കിയോട് സർക്കാർ വച്ചു പുലർത്തുന്ന അനാസ്ഥയാണ് വൃക്ക വിറ്റും ദുരിതത്തിൽ നിന്നും കരകയറാൻ കർഷകനെ പ്രേരിപ്പിക്കുന്നതെന്ന് യൂത്ത് കോൺ. സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. വെള്ളത്തൂവലിൽ തണ്ണിക്കോട്ട് ജോസഫിനുണ്ടായ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. ജില്ലയിലെ ദുരിതബാധിതരുടെ യഥാർത്ഥ ചിത്രമാണ് ഇത് ചൂണ്ടി കാണിക്കുന്നത്. ദുരിതബാധിതരെ കണ്ടെത്തിയതിലെ സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞ് മാറാൻ കഴിയില്ല. ദുരിതബാധിതർക്ക് സഹായം ലഭിക്കുന്ന തരത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സർക്കാർ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ കർഷക ആത്മഹത്യകൾ പെരുകുന്ന അവസ്ഥ ഉണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് അറിയിച്ചു.