kk
ആത്മഹത്യ ചെയ്ത ജോണിയുടെ വീട്ടിൽ കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ

ചെറുതോണി: ആത്മഹത്യ ചെയ്ത കർഷകൻ നെല്ലിപ്പുഴയിൽ ജോണിയുടെ വീട് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിച്ചു. പതിനഞ്ച് മിനിറ്റോളം വീട്ടിൽ ചെലവഴിച്ച മന്ത്രി ജോണിയുടെ ഭാര്യ മേരിയുമായി സംസാരിച്ച് കട ബാദ്ധ്യതകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കൃഷി നാശത്തിലും കടബാദ്ധ്യതയിലും മനംനൊന്താണ് ജോണി ആത്മഹത്യ ചെയ്ത്. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ്ഇവർക്കുള്ളത്. കുടുംബത്തിന്റെ കടബാദ്ധ്യതകളെക്കുറിച്ച് അന്വേഷിച്ച്നടപടികൾ സ്വീകരിക്കാൻ മന്ത്രി കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. കർഷക ആത്മഹത്യയ്ക്ക് തടയിടാൻ ശ്രമം നടത്തുമെന്ന് കൃഷി വകുപ്പു മന്ത്രി വി.എസ്സ് സുനിൽ കുമാർ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കുമെന്നും ജീവനൊടുക്കിയ കർഷകരുടെ കുടുംബത്തിന് കഴിയുന്നത്ര സഹായങ്ങൾ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കാർഷിക വായ്പകൾ നൽകിയിട്ടുള്ള ബാങ്കുകളോട് നടപടി നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിയോടൊപ്പം സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ, ജില്ലാ കളക്ടർ കെ.ജീവൻ ബാബു, സി.പി.ഐ ഇടുക്കി മണ്ഡലം സെക്രട്ടറി എം.കെ.പ്രിയൻ, സിജി ചാക്കോ, ഷാജി അച്ചാരുകുടി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സി ബി, വാർഡ് മെമ്പർ മാരായ സെലിൻ, ഷിജോ തടത്തിൽ എന്നിവരുമുണ്ടായിരുന്നു.